കണ്ണൂർ: തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ വായ്പയെടുക്കാൻ സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി സഹകരണ സംഘം പയ്യാമ്പലത്തെ ഹെഡ് ഓഫീസും സ്ഥലവും ഈടായി നൽകുന്നു. ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ഇതുസംബന്ധിച്ച കരാർ അടുത്ത ദിവസങ്ങളിൽ തമിഴ്നാട്ടിലെ ആർക്കോണം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.
രജിസ്ട്രേഷൻ ചെലവിനായി 1.7 കോടി രൂപ ദിനേശ് ഇതിനകം കൈമാറിയതായി ടി.ഒ. മോഹനൻ എം.എൽ.എ. വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നു. സംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ഉൾപ്പെടെ വിവിധ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
രജിസ്ട്രേഷൻ ചെലവിനുള്ള തുക ചെക്കായാണ് കൈമാറിയതെന്ന് ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു പറഞ്ഞു. എന്നാൽ, വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘത്തിൽനിന്ന് പിൻവലിച്ച 20 ലക്ഷം രൂപയുടെ വിനിമയം സംബന്ധിച്ചും പരാതിയുണ്ടെന്നാണ് വിവരം.
ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്കിടെ, എല്ലാ ഇടപാടുകളും നിയമപ്രകാരമുള്ളതാണെന്ന് ദിനേശ് ബാബു വ്യക്തമാക്കി. ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.






