കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും പൊതുരംഗത്തേക്ക് സ്ത്രീകൾ ഇറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാന്തപുരം.
‘സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുർആൻ പഠിപ്പിക്കുന്നതും അങ്ങനെയാണ്. ബുദ്ധിപരമായി ചിന്തിച്ചാലും ഇതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം’ എന്നായിരുന്നു കാന്തപുരത്തിന്റെ വാക്കുകൾ.
ഇത്തരം കാര്യങ്ങൾ പറയാൻ എന്ത് അധികാരമാണുള്ളതെന്ന് മറ്റ് സംഘടനകളോ വ്യക്തികളോ ചോദിച്ചാൽ, മതത്തെക്കുറിച്ച് പഠിച്ചവരാണ് തങ്ങളെന്നതാണ് അതിനുള്ള മറുപടിയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സമുദായത്തോട് ഇക്കാര്യം പറയുക തങ്ങളുടെ നിർബന്ധ ബാധ്യതയാണെന്നും കാന്തപുരം വ്യക്തമാക്കി.
നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തുകളിലും പൊതുവേദികളിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വിവിധ ഭാഗങ്ങളിൽനിന്ന് ശക്തമായ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.
എന്നാൽ, വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും നേരത്തേ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കാന്തപുരത്തിന്റെ നിലപാട്. സ്ത്രീകളുടെ പൊതുരംഗത്തെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തന്റെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിക്കുകയായിരുന്നു.






