കൊച്ചി: നടൻ കണ്ണൻ സാഗർ തന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി സഹായഹസ്തം നീട്ടിയ മമ്മൂട്ടിയെയും രമേഷ് പിഷാരടിയെയും കുറിച്ച് വികാരാധീനനായി. മമ്മൂട്ടി ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്താനായതെന്നും മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറയണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കണ്ണൻ സാഗർ പറഞ്ഞു.
‘വാഴ 2’വിന്റെ ഷൂട്ടിങ് പൂർത്തിയായ ശേഷമാണ് ഹൃദയത്തിൽ ബ്ലോക്കുണ്ടെന്നും ആൻജിയോഗ്രാം നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്ന് അറിഞ്ഞതോടെ വലിയ ആശങ്കയിലായെന്നും കണ്ണൻ സാഗർ പറഞ്ഞു.
“അത്രയും തുക കണ്ടെത്താൻ എന്റെ കൈവശം മാർഗമില്ലായിരുന്നു. സർജറി വൈകിയാൽ ഗുരുതര പ്രശ്നമാകുമെന്നും ഡോക്ടർമാർ പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന സമയത്താണ് രമേഷ് പിഷാരടിക്ക് സന്ദേശം അയച്ചത്,” അദ്ദേഹം ഓർത്തെടുത്തു.
തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും പിഷാരടി അന്നേ രാത്രി മറുപടി നൽകിയെന്നും അടുത്ത ദിവസം മമ്മൂട്ടി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവരിലേക്ക് വിവരം കൈമാറിയെന്നും കണ്ണൻ പറഞ്ഞു. തുടർന്ന് ഫൗണ്ടേഷനിലെ പ്രതിനിധികൾ ബന്ധപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
“രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ എല്ലാ കാര്യങ്ങളും അവർ ഏറ്റെടുത്തു. ആ വാർത്ത കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. ജീവിതത്തിൽ മറക്കാനാകാത്ത നിമിഷമായിരുന്നു അത്,” കണ്ണൻ പറഞ്ഞു.
മമ്മൂട്ടിയെ നേരിൽ കാണാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. “എന്റെ ജീവൻ രക്ഷിക്കാൻ ഇത്രയും വലിയ സഹായം ചെയ്ത ആളെ നേരിൽ കണ്ട് നന്ദി പറയണം. മമ്മൂക്ക ഇടപെട്ടില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് മറ്റൊരു ലോകത്തായേനെ. പിഷാരടിയും എന്നെ കൈവിട്ടില്ല. അവർ എനിക്ക് മനുഷ്യദൈവങ്ങളെപ്പോലെയാണ്,” കണ്ണൻ സാഗർ പറഞ്ഞു.
‘ഒൺ ടു ടോക്ക്’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.






