കാഠ്മണ്ഡു: ഒരു ചായ കുടിക്കാൻ വണ്ടി 10 മിനിറ്റ് നിർത്തിയത് 28 ഇന്ത്യൻ തീർഥാടകരുടെ ജീവൻ രക്ഷിച്ചു. നേപ്പാൾ ടിബറ്റ് അതിർത്തിയിലുണ്ടായ വൻ പ്രളയത്തിൽനിന്നാണ് കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് സ്വദേശികളായ കൈലാസ മാനസരോവർ തീർഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
യാത്രയ്ക്കിടെ ചായ കുടിക്കാനായി വാഹനം നിർത്തിയതാണ് നിർണായകമായത്. നിശ്ചയിച്ചതിലും നേരത്തെ സ്യാബ്രുബെസിയിൽ എത്തേണ്ടതായിരുന്നു സംഘമെന്ന് യാത്രികനായ വെങ്കട്ടരമണ പറഞ്ഞു. എന്നാൽ ചായ കുടിക്കാനായി വാഹനം നിർത്തിയ സമയത്താണ് സ്യാബ്രുബെസിയിൽ പ്രളയമുണ്ടായെന്ന വിവരം ലഭിച്ചത്. പിന്നാലെ ഡ്രൈവർ വാഹനം മറ്റൊരു വഴിയിലേക്ക് വേഗത്തിൽ തിരിച്ചുവിട്ടു. ഇതോടെയാണ് സംഘത്തിലെ എല്ലാവർക്കും രക്ഷപ്പെടാനായതെന്നും വെങ്കട്ടരമണ പറഞ്ഞു.
വിസ ലഭിക്കാൻ മൂന്ന് ദിവസം വൈകിയതും തങ്ങൾക്ക് അനുഗ്രഹമായെന്ന് സംഘാംഗമായ കൃഷ്ണയ്യ പറഞ്ഞു. വിസ കൃത്യസമയത്ത് ലഭിച്ചിരുന്നെങ്കിൽ സ്യാബ്രുബെസിയിലെ പാലം പ്രളയത്തിൽ ഒലിച്ചുപോയ സമയത്ത് തങ്ങൾ അവിടെയുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
ശനിയാഴ്ചയോടെ 28 പേരും സുരക്ഷിതമായി സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തി.
ഹിമാലയത്തിലെ മഞ്ഞുപാളികൾ ഇടിഞ്ഞതിനെ തുടർന്നുണ്ടായ വൻ പ്രളയത്തിൽ നേപ്പാളിലെ അതിർത്തി ഗ്രാമങ്ങൾ വ്യാപകമായി തകർന്നിരിക്കുകയാണ്. നേപ്പാൾ സർക്കാരിന്റെ കണക്കനുസരിച്ച് പ്രളയത്തിൽ ഇതുവരെ 734 പേർ മരിക്കുകയും 1,500 ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽനിന്നുള്ള പ്രത്യേക സംഘം ശനിയാഴ്ച കാഠ്മണ്ഡുവിലെത്തി. ദുരിതാശ്വാസ സാമഗ്രികളുമായി നാലാമത്തെ വിമാനവും ഇന്ത്യ നേപ്പാളിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.






