തിരുവനന്തപുരം: ദേവസ്വം പ്ലീഡറുടെ നിയമനത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച് മന്ത്രി കെ. മുരളീധരൻ. പ്രശസ്തനായ ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിലാണ് കെബി പ്രദീപിനെ ഈ പദവിയിലേക്ക് പരിഗണിച്ചതെങ്കിലും ഭക്തജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള സംശയത്തിന്റെ നിഴൽ നിൽക്കാൻ പാടില്ലെന്ന സർക്കാരിന്റെ നിർബന്ധബുദ്ധിയാണ് ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരുമെന്ന ഭക്തരുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്ന നിയമനമാണിതെന്ന പരാതികൾ തനിക്ക് ലഭിച്ചതായി മുരളീധരൻ പറഞ്ഞു. വിഷയം വിവാദമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ തന്നെ അദ്ദേഹത്തോട് രാജി വെക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. സദുദ്ദേശത്തോടെയാണ് നിയമനം നടത്തിയതെങ്കിലും ഭക്തജനങ്ങൾക്ക് അതിൽ അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തിൽ ജാഗ്രതയോടെ തിരുത്താൻ സർക്കാർ തയ്യാറായെന്നാണ് മന്ത്രി വിശദീകരിച്ചു.
നിയമനം നടത്തിയത് ക്യാബിനറ്റ് ആണെന്നും അതിനാൽ ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമല്ല, താനുൾപ്പെടെയുള്ള എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യങ്ങളും പോരായ്മകളും കൂട്ടായ ഉത്തരവാദിത്തമാണെന്നും ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കുന്ന ഏർപ്പാട് തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിപ വൈറസ് വ്യാപിച്ചിട്ടില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി. നിപയുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട മൂന്നുപേരുടെ ഉൾപ്പെടെയുള്ള പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒരാൾ മാത്രമാണ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നത്, അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. സംശയമുള്ള എല്ലാ കേസുകളും സർക്കാർ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഒരു കേസും പരിശോധിക്കാതെ വിടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിപ പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വിമർശിച്ചു. ആരോഗ്യവകുപ്പ് മന്ത്രി സ്ഥലത്ത് എത്തിയിട്ടില്ല എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തിരുവനന്തപുരത്ത് ഇരുന്നു കൊണ്ട് സംസ്ഥാനത്തെ മൊത്തം കാര്യങ്ങൾ ഏകോപിപ്പിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്തിരുന്നെന്നും മന്ത്രി വിശദീകരിച്ചു. നിലവിൽ റവന്യൂ മന്ത്രി കോഴിക്കോടുണ്ടെന്നും അവിടെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മരുന്നുകൾ ഡൽഹിയിൽ നിന്ന് വൈകുന്നേരത്തിനുള്ളിൽ എത്തിക്കുമെന്നും മറ്റു മരുന്നുകൾ നിലവിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷം ഇതിനെ ഒരു രാഷ്ട്രീയ ആയുധമാക്കാതെ ഗൗരവകരമായ സമീപനം സ്വീകരിക്കണമെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും എല്ലാ നിർദ്ദേശങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















































