ന്യൂഡൽഹി: സമരക്കാർക്കെതിരായ നടപടികൾ അവസാനിപ്പിക്കാത്ത പക്ഷം വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. സമരത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരക്കാർക്കെതിരായ എഫ്‌ഐആറുകളിലെ അന്വേഷണം തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാനാകാത്തതുമാണെന്ന് സിജെപി പ്രതികരിച്ചു. കേസുകൾ പിൻവലിക്കാമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പിന് വിരുദ്ധമാണ് നിലവിലെ സാഹചര്യമെന്നും, സർക്കാർ നൽകിയ ഉറപ്പുകൾ സുപ്രീം കോടതിയെ അറിയിച്ച് സുതാര്യത ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ നീക്കത്തിനെതിരെയും സിജെപി പ്രതിഷേധം അറിയിച്ചു. ഐഷി ഘോഷിന് സിജെപി പിന്തുണ പ്രഖ്യാപിച്ചതായും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജിയുമായി സംഘടനാ നേതാക്കൾ സംസാരിച്ചതായും അറിയിച്ചു.
2021-ലെ ജെഎൻയു സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. എന്നാൽ, സിജെപി സമരത്തിൽ പങ്കെടുത്തവർക്കെതിരായ പ്രതികാര നടപടിയുടെ ഭാഗമായാണ് അറസ്റ്റ് ശ്രമമെന്നാണ് സിപിഐഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ് ആരോപിച്ചത്.
ഡൽഹി എകെജി സെന്ററിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമും നെയിം ബാഡ്ജും ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് പ്രതിഷേധിച്ചു. യൂണിഫോം ധരിച്ച് തിരിച്ചെത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഘം മടങ്ങിയതായും റിപ്പോർട്ടുണ്ട്.



















































