കണ്ണൂർ: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലിൽ കഴിയുന്നതിനിടെ ബിരുദ പഠനം തുടരുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബി.എ. ചരിത്രം കോഴ്സിന്റെ രണ്ടാംവർഷ വിദ്യാർഥിനിയായ ജോളി നിലവിൽ പരീക്ഷ എഴുതുകയാണ്. എട്ട് പേപ്പറുകളിൽ ഒരു പരീക്ഷ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒന്നാംവർഷത്തിലെ എല്ലാ പരീക്ഷകളും ജോളി വിജയകരമായി പൂർത്തിയാക്കിയിരുന്നു.
കോഴിക്കോട് സബ് ജയിലിൽ വിചാരണത്തടവിൽ കഴിയുന്ന ജോളിയെ പരീക്ഷ എഴുതുന്നതിനായി കഴിഞ്ഞാഴ്ച പ്രത്യേക സുരക്ഷയിൽ കണ്ണൂർ വനിതാ സെൻട്രൽ ജയിലിലേക്ക് മാറ്റി. പരീക്ഷകൾ അവസാനിക്കുന്നതുവരെ ജോളി ഇവിടെ തുടരും. വിഷാദരോഗവുമായി ബന്ധപ്പെട്ട് കൗൺസലിങ്ങും ലഭ്യമാക്കുന്നുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിലെ മറ്റൊരു തടവുകാരനും ബി.എ. ചരിത്രം പരീക്ഷ എഴുതുന്നുണ്ട്. കൂടാതെ 35 തടവുകാർ തുല്യതാ പരീക്ഷയിലും പങ്കെടുക്കുന്നു. തടവുകാരുടെ പുനരധിവാസത്തിൽ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ടെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് കൂടുതൽ അന്തേവാസികൾ ഉന്നത പഠനത്തിലേക്ക് എത്തുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന തടവുകാർക്ക് പഠനത്തിനും അസൈൻമെന്റ് തയ്യാറാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ജയിലിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ ജയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാനും അനുമതിയുണ്ട്.
2002 മുതൽ 2016 വരെ കോഴിക്കോട് കൂടത്തായിയിൽ കുടുംബത്തിലെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജോസഫ് വിചാരണത്തടവിൽ കഴിയുന്നത്. 2019 ഒക്ടോബർ 5-നാണ് ജോളി അറസ്റ്റിലായത്.


















































