ന്യൂയോർക്ക്: ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പങ്കാളികളായ അമേരിക്കൻ ഉദ്യോഗസ്ഥരെ കുറിച്ച് വിവരശേഖരണം നടത്താൻ ഇസ്രായേൽ ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളിൽ ആശങ്ക ഉയർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ശക്തമായ സൈനിക- തന്ത്രപരമായ ബന്ധം തുടരുന്നതിനിടെയാണ് ഈ ആരോപണങ്ങൾ ശ്രദ്ധേയമാകുന്നത്.
അമേരിക്കൻ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകൾ പ്രകാരം, ഇസ്രായേൽ ചാര ഏജൻസികൾ ഇറാൻ ചർച്ചകളിൽ അമേരിക്കയുടെ നിലപാട് മനസിലാക്കുന്നതിനായി നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന ചർച്ചാകർത്താവായ സ്റ്റീവ് വിറ്റ്കോഫ്, പെന്റഗൺ നയവിഭാഗം മേധാവി എൽബ്രിഡ്ജ് എ. കൊൾബി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മൈക്കൽ പി. ഡിമിനോ എന്നിവരെയാണ് പ്രധാനമായും ഇസ്രയേൽ ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം ഇരു രാജ്യങ്ങളും പരസ്പരം ഇന്റലിജൻസ് ശേഖരണം നടത്തുന്നതിൽ പുതുമയില്ലെങ്കിലും, ഇത്തവണ നടന്നതായി ആരോപിക്കപ്പെടുന്ന പ്രവർത്തനങ്ങൾ സാധാരണ പരിധികൾ ലംഘിച്ചതായി ചില അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. പ്രതിരോധ ഇന്റലിജൻസ് ഏജൻസി (ഡിഐഎ) തയ്യാറാക്കിയ റിപ്പോർട്ടിൽ ഇസ്രായേലുമായി ബന്ധപ്പെട്ട ചാരപ്രവർത്തന ഭീഷണി നില ഹൈയിൽ നിന്ന് ക്രിറ്റിക്കൽ ആയി ഉയർത്തിയതായി പറയുന്നു. വിവിധ സൈനിക, സുരക്ഷാ ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് ഈ വിലയിരുത്തൽ തയ്യാറാക്കിയതെന്ന് സൂചന.
ഇസ്രായേലിലുള്ള അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോണുകളിൽ ആശയവിനിമയം നിരീക്ഷിക്കാൻ കഴിവുള്ള സോഫ്റ്റ്‌വെയർ കണ്ടെത്തിയതിനെ തുടർന്നാണ് ഈ ആശങ്കകൾ ശക്തമായത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസബന്ധം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
മാത്രമല്ല ഇറാനുമായി ബന്ധപ്പെട്ട നിലപാടുകളിൽ അമേരിക്കയും ഇസ്രായേലും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നു. അമേരിക്ക ചർച്ചകളിലൂടെ പ്രശ്നപരിഹാരം തേടുമ്പോൾ, ഇസ്രായേൽ കൂടുതൽ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രായേലിന്റെ പ്രധാന താൽപര്യം അമേരിക്കയുടെ ചർച്ചാ തന്ത്രവും ഭാവിയിലെ നിലപാടുമാണ് മനസിലാക്കുകയെന്നാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ സാഹചര്യത്തിൽ, ഭാവിയിൽ ഇന്റലിജൻസ് പങ്കിടലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പെന്റഗൺ പരിഗണിച്ചേക്കാമെന്ന സൂചനയും ഉയരുന്നു. ആരോപണങ്ങൾ തുടരുകയാണെങ്കിൽ ഇരു രാജ്യങ്ങളുടെയും സഹകരണത്തിൽ പ്രതികൂല സ്വാധീനം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. അതേസമയം, വൈറ്റ് ഹൗസ് ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളി. “ഈ റിപ്പോർട്ട് തെറ്റായതാണ്, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ്,” എന്നാണ് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഇസ്രായേൽ എംബസിയും ആരോപണങ്ങൾ നിഷേധിച്ചു, “ഇസ്രായേൽ തന്റെ ശത്രുക്കളെ മാത്രമാണ് നിരീക്ഷിക്കുന്നത്, കൂട്ടാളികളെല്ല,”എന്നും ഇസ്രയേൽ വ്യക്തമാക്കി.


















































