വാഷിങ്ടൻ: ഇനി സമാധാന ചർച്ചയ്ക്കായി പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് യുഎസ് പ്രതിനിധി സംഘത്തെ അറിയിച്ചതായി ഡോണൾഡ് ട്രംപ്. ഇറാനായി 18 മണിക്കൂർ വെറുതേ കളയേണ്ടതില്ലെന്ന് സംഘത്തെ അറിയിച്ചതായി അദ്ദേഹം പറഞ്ഞത്. വെറുതെ ചർച്ച ചെയ്ത് സമയം കളയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന് ഏതു സമയവും തങ്ങളെ വിളിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പാക് നേതാക്കളുമായി ചർച്ച നടത്തിയശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദ് വിട്ടെന്ന റിപ്പോർട്ട് വന്ന പിറകെയാണ് യാത്ര റദ്ദാക്കിയതായി ട്രംപ് അറിയിച്ചത്. ഫോക്സ് ന്യൂസാണ് ട്രംപിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘ഇറാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കി. യാത്രയ്ക്കായി ഒരുപാട് സമയം വെറുതെ കളയണം. ഒരുപാട് ജോലിയുണ്ട്. അവരുടെ നേതൃത്വത്തിനുള്ളിൽ കടുത്ത ആശയക്കുഴപ്പമുണ്ട്. ആരാണ് അവരെ നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല. വിജയിച്ചു നിൽക്കുന്നത് ഞങ്ങളാണ്. അവർക്ക് സംസാരിക്കണമെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ആദ്യം യുഎസ് പ്രതിനിധികൾ ചർച്ചയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവരെ കാത്തുനിൽക്കാതെയായിരുന്നു ഇറാൻ സംഘത്തിന്റെ മടക്കം. ഇതോടെ ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ച വീണ്ടും അനിശ്ചിതത്വത്തിലായി. ഇതിനിടെ ഇറാൻ പ്രതിനിധി സംഘം ഞായറാഴ്ചയോ തിങ്കളാഴ്ചയോ മടങ്ങി എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുയർന്നിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അബ്ബാസ് അരാഗ്ചിയും സംഘവും ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റിലേക്കാണ് തിരിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെയുള്ള അദ്ദേഹത്തിന്റെ സന്ദർശന ഷെഡ്യൂളിൽ ഒമാനും റഷ്യയും ഉണ്ട്.
അതേസമയം പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് ഇറാൻ സംഘം മടങ്ങിയത്. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനടമുള്ള തങ്ങളുടെ നിർദേശങ്ങൾ ഇറാൻ പ്രതിനിധികൾ പാക് നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇറാന്റെ ആവശ്യങ്ങൾ പാക്കിസ്ഥാൻ യുഎസിനെ അറിയിച്ചേക്കും.














































