ടെഹ്റാൻ: ലോക സമ്പദ്‌വ്യവസ്ഥയുടെ ‘എനർജി ചോക്ക്‌പോയിന്റ്’ എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിന്റെ ഭൂപടം തന്നെ പുനർനിർവചിച്ച് ഇറാൻ. ഇതുവരെ ഇറാനും ഒമാനും തമ്മിലുള്ള ഇടുങ്ങിയ കടൽപാതയായി മാത്രം കണക്കാക്കിയിരുന്ന ഹോർമുസിനെ, ഇപ്പോൾ വിശാലമായ സൈനിക-പ്രവർത്തന മേഖലയായി കാണാനാണ് ഇറാന്റെ നീക്കം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തയ്യാറാക്കിയ പുതിയ ഭൂപടം, പശ്ചിമേഷ്യയിലെ സമുദ്രരാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴി തുറക്കുന്നത്.
‘മുമ്പ് ഹോർമുസ് എന്നത് ഹെൻഗാം ദ്വീപുകൾക്കിടയിലുള്ള ചെറിയ ഭാഗം മാത്രമായിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു’– ഐആർജിസി നാവികസേനയുടെ ഡെപ്യൂട്ടി പൊളിറ്റിക്കൽ ഡയറക്ടർ മുഹമ്മദ് അക്ബർസാദേ പറഞ്ഞു. പുതിയ നിർവചനപ്രകാരം, കിഴക്കൻ തീരത്തെ ജാസ്ക് തുറമുഖം മുതൽ പടിഞ്ഞാറൻ സിറി ദ്വീപ് വരെയുള്ള വലിയ സമുദ്രമേഖലയെയാണ് ഇറാൻ ഇനി ഹോർമുസ് കടലിടുക്കായി കണക്കാക്കുന്നത്.
ഇതോടെ ഹോർമുസിന്റെ വീതി 32–48 കിലോമീറ്ററിൽനിന്ന് 322–483 കിലോമീറ്റർ വരെയായി ഉയരും. അതായത്, നേരത്തെയുണ്ടായിരുന്നതിനേക്കാൾ ഏകദേശം പത്ത് മടങ്ങ് വലിയ സമുദ്രപരിധി. ഈ മാറ്റം വെറും ഭൂപടപരിഷ്‌കരണമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ലോകത്തെ എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും (LNG) കടന്നുപോകുന്ന ഏറ്റവും നിർണായക സമുദ്രപാതകളിലൊന്നാണ് ഹോർമുസ്. ആഗോള എണ്ണ ചരക്കുനീക്കത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. ഇന്ത്യ ഉൾപ്പെടെ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ ഊർജ വ്യാപാരവും ഇതിനെ ആശ്രയിച്ചാണ് മുന്നേറുന്നത്.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഹോർമുസിലെ ചരക്കുനീക്കം പലഘട്ടങ്ങളിലും തടസ്സപ്പെട്ടു. അതിന്റെ ആഘാതം ആഗോള എണ്ണവിപണിയിൽ ഉടൻ പ്രതിഫലിക്കുകയും ചെയ്തു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 72 ഡോളറിൽനിന്ന് 120 ഡോളർ വരെ ഉയർന്നത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുന്നറിയിപ്പായി മാറി.
പുതിയ ഭൂപടത്തിലൂടെ, ഹോർമുസിലെ കൂടുതൽ വലിയ സമുദ്രമേഖലയിലെ നിയന്ത്രണാവകാശം ഇറാൻ പരോക്ഷമായി അവകാശപ്പെടുകയാണെന്ന വിലയിരുത്തലും ശക്തമാണ്. അതായത്, ഭാവിയിൽ സൈനിക നിരീക്ഷണം, കപ്പൽ പരിശോധന, സമുദ്രസുരക്ഷാ ഇടപെടൽ എന്നിവയ്ക്കായി കൂടുതൽ വിശാലമായ മേഖലയിൽ സ്വാധീനം ചെലുത്താനാണ് ഇറാന്റെ ശ്രമമെന്ന സൂചന.


















































