ടെഹ്‌റാൻ: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. യു.എസിനേക്കാൾ ശക്തവും അന്തസ്സുള്ളതുമായ നിലപാടാണ് ഇറാൻ സ്വീകരിച്ചതെന്നും യുദ്ധത്തിൽ വിജയിച്ചത് ഇറാനാണെന്ന് ലോകം അംഗീകരിച്ചെന്നും പെസെഷ്‌കിയാൻ പറഞ്ഞു. യു.എസ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇറാനിലെ സ്‌കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇറാൻ പ്രസിഡന്റ്.
യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധികൾ ഇപ്പോഴും ലോകത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നതും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതും ആഗോള തലത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇതിനിടെ ഇറാനെതിരെ നാവിക ഉപരോധം ശക്തമാക്കി യു.എസും രംഗത്തുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളും നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.
ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരെ വിദേശകാര്യമന്ത്രാലയവും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഉപരോധം സാമ്പത്തിക ഭീകരതയ്ക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിനും തുല്യമാണെന്നാണ് ഇറാന്റെ ആരോപണം. ഇതിന് ഉത്തരവാദികളായവർ വിചാരണയും ശിക്ഷയും നേരിടേണ്ടിവരുമെന്നും ഇറാൻ വ്യക്തമാക്കി.
സ്വന്തം സാമ്പത്തിക പ്രതിസന്ധികളിൽനിന്നും ഉയർന്ന കടബാധ്യതയിൽനിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് യു.എസ്. ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും ഇറാൻ ആരോപിച്ചു. നേരിട്ടുള്ള സൈനിക നീക്കങ്ങൾക്ക് പകരം സാമ്പത്തിക ഉപരോധത്തിലൂടെയും കടുത്ത സമ്മർദങ്ങളിലൂടെയും ഇറാനെ തളർത്താനാണ് യു.എസ്. ഇപ്പോൾ ശ്രമിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം, ഉപരോധവും സാമ്പത്തിക സമ്മർദവും ഉപയോഗിച്ച് പശ്ചിമേഷ്യയിലെ സംഘർഷത്തിന് പരിഹാരം കാണാനാകില്ലെന്ന് ചൈന വ്യക്തമാക്കി. ഇരുരാജ്യങ്ങളും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ചൈനയുടെ നിലപാട്. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന നടപടികൾക്ക് പകരം ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവും ചൈന ആവർത്തിച്ചു.






