കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. മുൻ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. “വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരിയാണ്” എന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കാൻ തയ്യാറാകാത്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് രാജ്യത്തോട് മാപ്പുപറയേണ്ടിവരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ജെൻ-സി കുട്ടികൾ പറയുന്നതുപോലെ സതീശൻ “പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരിയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ അടിമയുമാണ് സതീശനെന്നും ആത്മാർഥതയില്ലാത്ത കള്ളച്ചിരിയാണ് അദ്ദേഹത്തിന്റേതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
വന്ദേമാതരം ഗാനത്തെ അപമാനിച്ച സോണിയ ഗാന്ധിക്കെതിരെയും അബ്ദുള്ളക്കുട്ടി വിമർശനം ഉന്നയിച്ചു. ദേശീയഗീതത്തെ അപമാനിച്ചതിലൂടെ സോണിയ ഗാന്ധി ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ഇതിന് രാജ്യം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശിയായ സോണിയ ഗാന്ധിയെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമായി രാജ്യം സ്വീകരിച്ചെന്നും ഭാര്യ, സഹോദരി, അമ്മ, നേതാവ് എന്നീ നിലകളിൽ അംഗീകരിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്നാൽ, ഈ രാജ്യത്തോട് നന്ദിയില്ലാതെയാണ് സോണിയ ഗാന്ധി പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
വി.ഡി. സവർക്കർ ഉൾപ്പെടെയുള്ളവർ ഏറ്റവും ഉച്ചത്തിൽ പാടി ബ്രിട്ടീഷുകാരെ വിറപ്പിച്ച ദേശീയഗാനത്തെയാണ് സോണിയ ഗാന്ധിയും വി.ഡി. സതീശനും നിന്ദിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. “അതിന് മാപ്പില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെയും അബ്ദുള്ളക്കുട്ടി വിമർശിച്ചു. തങ്ങൾ രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളൂ എന്നാണ് എം.വി. ഗോവിന്ദൻ പറയുന്നതെന്നും, സി.പി.എമ്മുകാർ മുഴുവൻ ചരണങ്ങളും പാടണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.






