ന്യൂഡൽഹി: ആർ.എസ്.എസ്. സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന യു.എസ്. കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) നിർദേശത്തിനെതിരെ ഇന്ത്യ. അമേരിക്കൻ സംഘടനയിൽനിന്ന് അപകീർത്തിപരവും പ്രകോപനപരവുമായ പരാമർശങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പ്രതികരിച്ചു.
പക്ഷപാതപരമായ നിലപാടുള്ള സംഘടനയാണ് യു.എസ്.സി.ഐ.ആർ.എഫ് എന്നും ഇത്തരം സംഘടനകൾക്ക് അവരുടേതായ അജണ്ടകളുണ്ടെന്നും ജയ്‌സ്‌വാൾ പറഞ്ഞു. അത്തരം സംഘടനകൾക്ക് വിശ്വാസ്യതയില്ലാത്തതിനാൽ അവയിൽനിന്ന് ഇന്ത്യ അകലം പാലിക്കണം. ഇന്ത്യയുടെ ബഹുസ്വരമായ സാമൂഹിക ഘടനയിലെ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനോ വിവിധ വിഭാഗങ്ങൾക്കിടയിലെ സൗഹാർദപരമായ ബന്ധം അംഗീകരിക്കാനോ യു.എസ്.സി.ഐ.ആർ.എഫ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനിൽ ജനിച്ച അമേരിക്കൻ പൗരനും പാകിസ്താൻ ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് യു.എസ്.സി.ഐ.ആർ.എഫ് ചെയർമാൻ ആസിഫ് മഹ്‌മൂദെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ യു.എസ്. സന്ദർശനം തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 29ന് ‘യൂണിവേഴ്‌സൽ വൺനസ് സെലിബ്രേഷൻസിൽ’ പങ്കെടുക്കുന്നതിനായി മോഹൻ ഭാഗവത് ന്യൂയോർക്കിലെത്താനിരിക്കെയാണ് ആർ.എസ്.എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ്. സർക്കാരിനോട് ആവശ്യപ്പെട്ടത്. ആർ.എസ്.എസ്. നേതാക്കൾക്ക് നയതന്ത്രപരമായ ആദരവുകൾ നൽകരുതെന്നും ആസിഫ് മഹ്‌മൂദ് ആവശ്യപ്പെട്ടു.
മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തിയ ഉപവിഭാഗങ്ങളുള്ള ഏകോപിത സംഘടനയാണ് ആർ.എസ്.എസ്. എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങളുണ്ടെന്നാണ് യു.എസ്.സി.ഐ.ആർ.എഫിന്റെ ആരോപണം. ഇത്തരമൊരു സാഹചര്യത്തിൽ ആർ.എസ്.എസ്. നേതാക്കൾ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടവരാണെങ്കിൽപ്പോലും അവർക്ക് ഉന്നതതല കൂടിക്കാഴ്ചകളോ നയതന്ത്ര പരിഗണനകളോ നൽകാൻ പാടില്ലെന്ന് യു.എസ്.സി.ഐ.ആർ.എഫ് കമ്മിഷണർ ജീൻ മിൽസ് എക്‌സിലൂടെ പ്രതികരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ.എസ്.എസ്. അംഗമാണെന്ന യു.എസ്.സി.ഐ.ആർ.എഫ് ചെയർമാൻ ആസിഫ് മഹ്‌മൂദിന്റെ പരാമർശവും ജീൻ മിൽസ് ചൂണ്ടിക്കാട്ടി.
യു.എസ് ഫെഡറൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ഏജൻസിയാണ് യു.എസ്.സി.ഐ.ആർ.എഫ്. യു.എസ്. പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, കോൺഗ്രസ് എന്നിവർക്കു മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നയപരമായ ശുപാർശകൾ നൽകുന്നതാണ് സംഘടനയുടെ പ്രധാന ചുമതല. ശുപാർശകൾ നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന ഉത്തരവാദിത്വവും കമ്മിഷനുണ്ട്.
ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ യു.എസ്.സി.ഐ.ആർ.എഫ് നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. മാർച്ചിൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ മതസ്വാതന്ത്ര്യ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (Country of Particular Concern) ആയി പ്രഖ്യാപിക്കണമെന്ന് യു.എസ്. സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.






