കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ ഒടിഞ്ഞ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. നവജാതശിശുക്കൾക്ക് വാരിയെല്ലിൽ കുത്തിവെപ്പ് നൽകാറില്ലെന്നും തുടയിലാണ് കുത്തിവെപ്പ് എടുക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി. കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.
അതേസമയം, അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തള്ളി കുഞ്ഞിന്റെ മാതാപിതാക്കൾ രംഗത്തെത്തി. സൂചി കയറിയതായി സംശയം തോന്നിയ വിവരം അന്ന് തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും വീഴ്ചയില്ലെന്ന നിഗമനത്തിൽ അന്വേഷണ സമിതി എത്തിയതിന്റെ കാരണം വ്യക്തമല്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട മാതാപിതാക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് അറിയിച്ചു.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽനിന്നാണ് ഒരു വർഷത്തിനുശേഷം ഒടിഞ്ഞ സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നായിരുന്നു അഞ്ജുവിന്റെ പ്രസവം. ജനിച്ച് രണ്ടാം ദിവസം കുഞ്ഞിന് പനിയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയതിനെ തുടർന്ന് എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ സൂചി എങ്ങനെ എത്തിയെന്നതിനെച്ചൊല്ലിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായ സമിതിയിൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ എന്നിവർ അംഗങ്ങളായിരുന്നു.
അന്വേഷണ റിപ്പോർട്ട് ആശുപത്രിക്ക് വീഴ്ചയില്ലെന്ന് വ്യക്തമാക്കുമ്പോഴും, ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുഞ്ഞിന്റെ കുടുംബം. സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.






