കാസർകോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ.ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണു മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്.
ഗിരിജാദേവി അന്തർജനം 14നു രാത്രി 11.30ന് ആണു മരിച്ചത്. തുടർന്ന് ഇവരുടെ മകനും കാസർകോട് ഗവ. ഗേൾസ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി.കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വീട്ടിലാണ് ഗിരിജാദേവിയുടെ മൃതദേഹം വച്ചിരുന്നത്. ഭാര്യയുടെ വിയോഗം ഇന്നലെ രാവിലെ എട്ടോടെയാണു ദേവദത്തൻ നമ്പൂതിരിയെ അറിയിച്ചത്.
ഇതോടെ ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ദേവദത്തൻ നമ്പൂതിരിക്കു ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം സ്വവസതിയായ ഇരവിനല്ലൂർ കരിവേലി ഇല്ലം വളപ്പിൽ നടത്തി. മരുമകൾ: രോഹിണി കെ.പോറ്റി (അസി. പ്രഫസർ, ഗവ. കോളജ്, കാസർകോട്).






