ന്യൂഡൽഹി: ഒരു താരത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്നാണ് പുറത്തുനിന്നുള്ള സമ്മർദവും വിമർശനങ്ങളും. പലപ്പോഴും താരത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ടാണ് ഈ വിമർശനങ്ങൾ ഉയരുന്നത്. മലയാളി താരം സഞ്ജു സാംസണും ഈ സമ്മർദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനായിട്ടില്ല. ഈ വർഷം തന്നെ ക്രിക്കറ്റിൽ വലിയ തിരിച്ചടികളും അതിന് പിന്നാലെ അതിശയിപ്പിക്കുന്ന തിരിച്ചുവരവുകളും സഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ സഞ്ജു പിന്നീട് അതിശയകരമായ തിരിച്ചുവരവാണ് നടത്തിയത്. തുടർച്ചയായി മൂന്ന് അർധസെഞ്ചുറികൾ നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം പിന്നീട് വീണ്ടും ടീമിന് പുറത്താകുന്നതിന്റെ വക്കിലെത്തി. അതിനു ആക്കം കൂട്ടാനെന്നപോലെയാണു കൗമാര താരം വൈഭവ് സൂര്യവംശിയുടെ ഉദയവും. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ സഞ്ജുവിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയരാതെ പോയതോടെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പകരം വൈഭവ് ഇടംപിടിച്ചു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജു തിരിച്ചെത്തിയെങ്കിലും, ലോകകപ്പ് ഹീറോയായിരുന്ന താരം തന്നെ സൂര്യവംശിയെ ടീമിൽ നിന്ന് പുറത്തിരുത്തുന്നതിന്റെ കാരണക്കാരനായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യമുണ്ടായി.
മാത്രമല്ല ആദ്യ ടി20യിൽ 10 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതോടെ വിമർശനങ്ങളും വർധിച്ചു. സഞ്ജു തന്റെ കരിയർ അവസാനിപ്പിക്കേണ്ട സമയമായെന്നു വരെ പലരും പറഞ്ഞു. ചൊവ്വാഴ്ച നടന്ന രണ്ടാം ടി20ക്ക് മുമ്പ് വൈഭവ് സൂര്യവംശി കളിക്കാത്തതിൽ പ്രതിഷേധിച്ച് ടിവി പോലും ഓൺ ചെയ്യില്ലെന്ന് ചില ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു
ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ഉടനടി സഞ്ജുവിന്റെ കുറിക്കുകൊള്ളുന്ന മറുപടിയുമെത്തി. “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും,” എന്ന് ചിരിച്ചുകൊണ്ട് സഞ്ജു പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർക്കിടയിൽ ചിരി പടർന്നു. എന്നാൽ ആരാധകർ അവരുടെ അഭിപ്രായങ്ങൾ പറയുന്നതും കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതും സ്വാഭാവികമാണെന്നാണ് സഞ്ജുവിന്റെ നിലപാട്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പക്വതയും അനുഭവസമ്പത്തും തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ചിലപ്പോൾ വൈഫൈ വീണ്ടും ഓൺ ചെയ്യും. അപ്പോൾ കമന്റുകൾ കാണും. അത് വളരെ സ്വാഭാവികമാണ്. എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനമാണ്. ചിലപ്പോൾ അവരുടെ മാനസികാവസ്ഥയും അതിനെ സ്വാധീനിക്കും. പോസിറ്റീവായ വാക്കുകൾ ഉപയോഗിക്കണമോ നെഗറ്റീവായ വാക്കുകൾ ഉപയോഗിക്കണമോ എന്നതും അവരുടെ തീരുമാനമാണ്. ഇത്തരം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കാനുള്ളത്ര പക്വതയും അനുഭവവും എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു,” സഞ്ജു പറഞ്ഞു.
അതേസമയം പുറത്തുനിന്നുള്ള ശബ്ദങ്ങളെ കുറച്ചുനേരത്തേക്ക് നിശ്ശബ്ദമാക്കാൻ സഞ്ജുവിനെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് കളത്തിലെ പ്രകടനങ്ങളാണ്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ അദ്ദേഹത്തിന്റെ മികച്ച ഇന്നിങ്‌സ് ആവശ്യമായിരുന്നു. എന്നാൽ മത്സരത്തിന്റെ തുടക്കം സഞ്ജുവിന് അത്ര മികച്ചതായിരുന്നില്ല. 12 പന്തിൽ എട്ട് റൺസ് എന്ന നിലയിൽ അദ്ദേഹം പതുക്കെയാണ് തുടങ്ങിയത്. എന്നാൽ പിന്നീട് പെട്ടെന്ന് ഗിയർ മാറ്റിയ സഞ്ജു അഫ്ഗാൻ ബൗളർമാരെ ആക്രമിച്ച് വെറും 20 പന്തിൽ അർധസെഞ്ചുറി നേടി.
ടി20 ലോകകപ്പ് ഫൈനലിലെ പ്രകടനത്തിന് ശേഷം ഈ ഫോർമാറ്റിൽ സഞ്ജുവിന്റെ ആദ്യ അർധസെഞ്ചുറിയായിരുന്നു ഇത്. ഒടുവിൽ 22 പന്തിൽ 57 റൺസെടുത്ത അദ്ദേഹം ഇന്ത്യയെ ഏഴ് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഈ പ്രകടനം വിമർശനങ്ങൾക്ക് താൽക്കാലികമായി മറുപടിയായെങ്കിലും പുറത്തുനിന്നുള്ള സമ്മർദം തന്നെ ചില സമയങ്ങളിൽ ബാധിക്കാറുണ്ടെന്ന് സഞ്ജു തുറന്നുപറഞ്ഞു. അതിൽ നിന്ന് താൻ പൂർണമായും മുക്തനാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“എനിക്ക് ചിലപ്പോൾ വിഷമം തോന്നാറുണ്ട്. ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല. ‘എനിക്ക് ഒന്നും പ്രശ്നമില്ല’ എന്ന് പറയാൻ കഴിയില്ല. എനിക്ക് കാര്യങ്ങൾ ബാധിക്കും. പക്ഷേ പിന്നീട് ഞാൻ എന്നോട് തന്നെ സംസാരിക്കും. ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും. ഇന്ത്യയിൽ ഒരു ക്രിക്കറ്റ് താരത്തെ പുറത്തുനിന്നുള്ള ശബ്ദങ്ങൾ തീർച്ചയായും ബാധിക്കും. എന്നാൽ നിങ്ങളുടെ മനോഭാവം എന്താണ്, എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്, ഏത് മാനസികാവസ്ഥയിലാണ് കളിക്കേണ്ടത് എന്നിവയിൽ വ്യക്തത വേണം വിമർശനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ തനിക്ക് അത്തരമൊരു ഇന്നിങ്‌സ് കളിക്കാൻ കഴിയില്ലെന്നും സഞ്ജു പറഞ്ഞു.
“ഞാൻ അതിനെക്കുറിച്ച് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനെ ബാറ്റ് ചെയ്യാൻ കഴിയില്ല. ഷോട്ട് കളിക്കുന്നതിന് മുമ്പ് തന്നെ പത്ത് തവണ ചിന്തിക്കും, ഞാൻ പുറത്തായാൽ വീണ്ടും വൈഫൈ പ്രശ്നമാകും എന്ന്. തനിക്ക് നിയന്ത്രിക്കാനാകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മർദത്തിനിടയിലും സ്വയം സംസാരിച്ച് മുന്നോട്ടുപോകാനുമാണ് ശ്രമിക്കുന്നത്. വ്യക്തിഗത പ്രകടനത്തേക്കാൾ ടീമിനെ മുന്നിൽ നിർത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
“എന്റെ അന്താരാഷ്ട്ര കരിയർ വളരെ മികച്ചതായിരുന്നുവെന്ന് ഞാൻ കരുതുന്നു. അതിൽ ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. ലോകകപ്പും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നിങ്ങൾ ഏത് സമ്മർദത്തിലായാലും, നിങ്ങൾ ഏത് തരത്തിലുള്ള താരമാണെന്ന് മനസിലാക്കും. പിന്നീട് ടീമിനെ മുന്നിൽ നിർത്തിക്കൊണ്ട് കളത്തിലിറങ്ങി നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനാണ് ശ്രമിക്കേണ്ടത്,” സഞ്ജു പറഞ്ഞു.
മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ






