തൃശൂർ; റിപ്പോർട്ടർ ചാനൽ ഓഫിസിലെ റെയ്ഡിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പോലീസ് പരിശോധനയ്ക്കെത്തിയാൽ എവിടെയായാലും കയറുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതുപോലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരൻമാർ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘‘ഇവിടുത്തെ സാധാരണ പൗരന്റെ വീട്ടിൽ കയറുമ്പോൾ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത് അല്ലേ ? അയാളുടെ ഫോൺ ഒന്നും വാങ്ങിച്ചുവയ്ക്കാറില്ലല്ലോ ? നിങ്ങളാരാ… മാധ്യമപ്രവർത്തകരോട് ഞാൻ നെഞ്ചുവിരിച്ച് ചോദിക്കുന്നു. നിങ്ങളും പൗരൻമാർ മാത്രമാണ്. ഇവിടുത്തെ വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവാങ്ങിച്ചു വയ്ക്കും. അവരുടെ അടുക്കള വരെ കയറും. ഫോൾ സീലിങ് ഉണ്ടെങ്കിൽ കുത്തിപ്പൊളിച്ചു നോക്കും അതിനകത്ത് ഉണ്ടോയെന്ന്. ഇതൊന്നും സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല. എന്ന് ഈ സിസ്റ്റം ഇന്ത്യയിൽ വന്നിട്ടുണ്ടോ അന്ന് തുടങ്ങിയതാണ് ഇത്.
ഇൻകംടാക്‌സ് റെയ്ഡുകളിൽ ഞാൻ എന്റെ കുട്ടിക്കാലം മുതൽ കാണുന്നതാണ്. അതിലൊന്നും ഒരുമാറ്റവും വന്നിട്ടില്ല. അമിത് ഷായെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ഫോട്ടോ കണ്ടിട്ടില്ലേ. കണ്ടിട്ടില്ലെങ്കിൽ ഞാൻ കാണിച്ചുതരാം’’ – സുരേഷ് ഗോപി പറഞ്ഞു
അതേപോലെ യുഡിഎഫ് സർക്കാർ വന്നപ്പോൾ വികസന പദ്ധതികളിൽ വലിയ പിന്തുണ ലഭിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻറെ ഇടപെടലിലൂടെ പുരോഗതിയുണ്ടായി. കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് സർക്കാർ വികസന കാര്യത്തിൽ തന്നെ പിന്തുണച്ചില്ല. വികസനത്തിലാണ് സഹകരണം, റെഡ് ബുക്കുകാർ പറയുന്നതിലല്ല. കേന്ദ്രമന്ത്രിയ്‌ക്ക് നൽകേണ്ട പിന്തുണ സതീശൻ നൽകുന്നുണ്ട്. പുതിയ മുഖ്യമന്ത്രി വന്ന ശേഷം വികസന പദ്ധതികളുടെ കാര്യത്തിൽ താൻ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.





