കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബ്. ആന്റോ അഗസ്റ്റിനെതിരെ 800 പേജുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് സാബു എം. ജേക്കബ് പറഞ്ഞു. റിപ്പോർട്ടർ ചാനൽ ഉടൻ അടച്ചുപൂട്ടാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ടർ ചാനലിന് ഇതുവരെ ബ്രോഡ്കാസ്റ്റിങ് ലൈസൻസോ ദേശീയ സുരക്ഷാ ക്ലിയറൻസോ ലഭിച്ചിട്ടില്ലെന്നാണ് സാബു എം. ജേക്കബിന്റെ ആരോപണം. മറ്റുള്ളവരുടെ ദുഃഖത്തിൽനിന്ന് കോടികൾ സമ്പാദിച്ചവരാണ് ചാനൽ അധികൃതരെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കിറ്റെക്സ് ഫാക്ടറിയിൽ 12 തവണ റെയ്ഡ് നടത്തിയപ്പോൾ അതിനെ ന്യായീകരിച്ച് പ്രസംഗിച്ചവരാണ് ഇപ്പോൾ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു.
മെസി തട്ടിപ്പ് കേസിലെ അന്വേഷണം അതിൽ മാത്രം ഒതുക്കരുതെന്നും ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന-കേന്ദ്ര സർക്കാരുകളിലെ ഉദ്യോഗസ്ഥരെ പണവും മദ്യവും നൽകി ആന്റോ അഗസ്റ്റിൻ സഹോദരന്മാർ സ്വാധീനിക്കുന്നുണ്ടെന്നും സാബു ആരോപിച്ചു.
മരംമുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വിശുദ്ധനായി ചിത്രീകരിക്കുന്ന തരത്തിലുള്ള ന്യായീകരണങ്ങൾ കാണുമ്പോൾ പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കൾക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നതായും സാബു എം. ജേക്കബ് ആരോപിച്ചു.
മെസിയുടെ പേരിൽ കലൂർ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു നീക്കമെന്നും അദ്ദേഹം ആരോപിച്ചു. സി.ജെ. റോയിയെ പോലുള്ള വ്യവസായികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സാബു എം. ജേക്കബ് ആരോപണമുന്നയിച്ചു.
തങ്ങൾ എൻ.ഡി.എയിലെ ഒരു സഖ്യകക്ഷി മാത്രമായതിനാൽ റിപ്പോർട്ടർ ചാനൽ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏതൊരു പൗരനുമുള്ള അവകാശം മാത്രമേ മാധ്യമ സ്ഥാപനങ്ങൾക്കും ഉള്ളൂവെന്നും നിയമത്തിന് മുകളിലല്ല മാധ്യമ സ്ഥാപനങ്ങളെന്നും സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി.




