കൊച്ചി: ഇന്നത്തെ ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിനോടനുബന്ധിച്ച് സംഭവിച്ച അതിക്രമങ്ങൾ പരിഗണിച്ചാണ് നടപടി.ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു.ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശവും നൽകി.
ഹർത്താലിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളുണ്ട്. ആ നിർദ്ദേശങ്ങളിൽ നിന്നും വ്യതിചലിക്കുന്നവർക്കെതിരെയാണ് കോടതി സ്വമേധയാ കേസെടുക്കുന്നത്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 52-ൽപ്പരം ദളിത് സംഘടനകൾ, ആക്ഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങൾ തടയില്ല, ജനജീവിതം തടസ്സപ്പെടുത്തില്ല എന്നിങ്ങനെയുള്ള ഉറപ്പുകൾ മുമ്പ് ഹർത്താലനുകൂലികൾ നല്കിയിരുന്നെങ്കിലും അതൊന്നും ഇന്ന് പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. അതിനാൽ തന്നെ ജനജീവിതം തടസ്സപ്പെടുത്തുമാറ് ഇന്ന് എന്തൊക്കെ കാര്യങ്ങളാണ് സംസ്ഥാന വ്യാപകമായി സംഭവിച്ചത് എന്നതുസംബന്ധിച്ച റിപ്പോർട്ടാണ് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്.
പലയിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളിലെത്തേണ്ടവർ, ആശുപത്രി ആവശ്യങ്ങൾക്കായി പോയവർ എന്നിവരെ ഹർത്താലനുകൂലികൾ ഇന്ന് തടസ്സപ്പെടുത്തുകയുണ്ടായി. പൊതുഗതാഗതത്തെയും ഹർത്താൽ ബാധിക്കുകയുണ്ടായി.
















































