തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേമാതരം മുഴുവൻ വായിക്കാതെ പോലീസ് ബാൻഡ്. വന്ദേമാതരം വായിക്കണമെന്ന ലോക്ഭവൻ നിർദേശം തള്ളി ആദ്യത്തെ ആറ് വരികൾ മാത്രമാണ് ബാൻഡ് വായിച്ചത്. വന്ദേമാതരം മുഴുവനും വേണ്ട എന്ന നിർദേശം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്തുനിന്നാണുണ്ടായത് എന്നാണ് റിപ്പോർട്ട്. നിർദേശം സ്പീക്കർക്ക് കൈമാറുകയായിരുന്നു. ഇന്നലെ റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക് ഭവൻ നിർദേശിച്ചിരുന്നു.
അതേസമയം ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണുള്ളത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കും, പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും, എക്സൈസ് നയത്തിൽ മാറ്റം വരുത്തും, സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം വൻ പ്രഖ്യാപനങ്ങളാണ് ഗവർണർ നടത്തിയിരിക്കുന്നത്.
അതുപോലെ പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം ഗവർണർ പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്‌ചവെക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും. മതനിരപേക്ഷതയ്ക്ക് മുൻതൂക്കം നൽകും. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിൽ ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകും. സേവന മേഖലയിൽ നിന്ന് പിന്മാറില്ല. കേന്ദ്രസർക്കാരുമായി പരമാവധി സഹകരിക്കും. ന്യായവും അർഹവുമായ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും.
ഇതിലെ പ്രധാന ഗ്യാരൻ്റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനിച്ചു. റോഡ്- ജല- വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്‌പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് പ്രവർത്തിക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തിൽ പറയുന്നു.
















































