പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിന്റെ ഭീകരത കൂടുതൽ വ്യക്തമായി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ യുവതിയെ ആദ്യം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും തുടർന്ന് മൃതദേഹം വെള്ളത്തിൽ മുക്കിയതുമാണെന്ന് വ്യക്തമായതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ആക്രമണം അതീവ ക്രൂരമായ രീതിയിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ പിന്നീട് സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നും യുവതിയോട് മുൻവൈരാഗ്യമുണ്ടായിരുന്നോയെന്നും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
യുവതി വീട്ടിൽ നിന്ന് അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പ്രതി പിന്നാലെയെത്തി ആക്രമിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം വനപ്രദേശത്ത് കണ്ടെത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽ വച്ചാണ് പിടികൂടിയത്. ദൃക്‌സാക്ഷി നൽകിയ വിവരങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കേസിൽ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ സ്ഥിരീകരിക്കാൻ രാസപരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആന്തരീക അവയവങ്ങൽ തിരുവനന്തപുരം ഫോറൻസിക് ലാബിലേയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൊലപാതകമാണെന്നത് വ്യക്തമായി ഉറപ്പിച്ചതോടെ കേസിന്റെ അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശവും മറ്റ് സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി പൊലീസ് വിവിധ കോണുകളിൽ നിന്ന് അന്വേഷണം തുടരുന്നു.
















































