തിരുവനന്തപുരം: കേന്ദ്രത്തിൽ അയോധ്യ ഫണ്ട് തട്ടിപ്പ് കേസിൽ നേതൃത്വം നട്ടം തിരിയിമ്പോൾ കേരളത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പു സമയത്തെ വെട്ടിപ്പാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിൽ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ മറിച്ചു വിറ്റു, ഓടാത്ത കാറിന്റെ പേരിൽ തുകകൾ എഴുതിവാങ്ങി, എടുക്കാത്ത മുറിയുടെ പേരിൽ തുക അടിച്ചുമാറ്റി എന്നിങ്ങനെ നീളുന്നു ആരോപണങ്ങൾ.
ഇതിനെല്ലാം ആക്കംകൂട്ടാൻ കൊടിതോരണങ്ങൾ വഴിവിട്ട് തയ്യാറാക്കിയതിന് ബിജെപി നേതാവിന് കമ്മീഷൻ കൊടുത്തതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷൻ വാങ്ങിയെന്ന പുതിയ ശബ്ദരേഖയാണ് പുറത്തുവന്നത്. കരാറിന്റെ ഇടനിലക്കാരനാണ് കമ്മിഷൻ നൽകിയതിന്റെ കാര്യങ്ങൾ വിശദീകരിക്കുന്നത്. ആകെ 1.62 കോടി രൂപയ്ക്കായിരുന്നു കരാർ. ഈ തുക മുഴുവൻ തരുമ്പോൾ സെക്രട്ടറിക്ക് കമ്മിഷനായി 31 ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനമെന്നു ശബ്ദരേഖയിൽ പറയുന്നു. എന്നാൽ 4.65 ലക്ഷം രൂപ കരാറുകാരനു നൽകാനിരിക്കെ, സെക്രട്ടറി മുഴുവൻ കമ്മിഷൻ തുകയും കൈപ്പറ്റി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഈ തുക തരാമെന്നായിരുന്നു സെക്രട്ടറിയുടെ ഉറപ്പ്. ഇപ്പോൾ വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ല. തന്റെ ഉറപ്പിലാണ് കമ്പനി 31 ലക്ഷം രൂപ സെക്രട്ടറിക്കു നൽകിയത്. എത്രയും പെട്ടെന്ന് ബാക്കി തുക നൽകണം. താൻ ഇപ്പോൾ കമ്പനിയിൽ മറുപടി പറയാൻ പറ്റാതെ നിൽക്കുകയാണെന്നും പ്രചാരണസമിതിയിൽ ഉണ്ടായിരുന്ന മറ്റൊരു നേതാവുമായുള്ള സംഭാഷണത്തിൽ ഇടനിലക്കാരൻ പറയുന്നുണ്ട്.
അതേസമയം വിവിധ ജില്ലകളിൽ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിർചേരിയുടെ ആക്ഷേപം. എന്നാൽ സംസ്ഥാന അധ്യക്ഷൻ വിദേശത്ത് നിന്നെത്തിയ ശേഷം ഫണ്ട് തട്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
നേരത്തെ കേന്ദ്രം ഫ്രീയായി നൽകിയ കൊടി, തോരണങ്ങൾ വൻ തുകക്ക് താഴേ തട്ടിലേക്ക് മറിച്ചുവിറ്റുവെന്ന ആരോപണം പുറത്തുവന്നിരുന്നു. ഇഷ്ടമുള്ള സ്വകാര്യകമ്പനികളിൽ നിന്ന് തുക കൂട്ടി കൊടിയടിച്ച് തയ്യാറാക്കി കമ്മീഷൻ കൈപ്പറ്റി. തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറി ബുക് ചെയ്ത് ഫണ്ട് തട്ടി എന്നടക്കം ഇതുവരെ പുറത്തുവന്നുകൊണ്ടിരുക്കുന്നത് വലിയ തിരിമറികളാണ്. അതുപോലെ കരമനയിലെ റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ഫ്ലെക്സ് വെച്ചതിൽ കമ്മീഷൻ അടിച്ച രീതി സൂചിപ്പിച്ചുള്ള മറ്റൊരു ശബ്ദരേഖയും നേരതത്തെ പുറത്തുവന്നിരുന്നു.
അതേസമയം പാർട്ടി നിയോഗിച്ച ട്രഷറർ തന്നെയാണ് ആദ്യം തിരിമറി കണ്ടെത്തി ദേശീയനേതൃത്വത്തെ അറിയിച്ചത്. പിന്നാലെ ഉത്തരവാദികളായ സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് നേതാക്കളെയും ചുമതലയിൽ നിന്ന് മാറ്റിനിർത്തി. ഇക്കാര്യം പക്ഷേ നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഇതിന് പിന്നാലെയാണ് വ്യാപക തട്ടിപ്പിൻറെ വിവരങ്ങൾ ഓരോദിവസം കഴിയും തോറും പുറത്തുവരുന്നത്. നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് മുരളീധര പക്ഷത്തിൻറെ ആക്ഷേപം. വിഷയം കോർകമ്മിറ്റി ചേരുമ്പോൾ ശക്തമായി ഉന്നയിക്കാനാണ് നീക്കം.


















































