കൊച്ചി ∙ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച അഞ്ചുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് സിഐ ഉദയകുമാറിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായി പൊലീസ് അറിയിച്ചു. വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മൽ (20), അൽത്താഫ് (21), നെന്മാറ സ്വദേശി ഷംസുദീൻ (36) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ ഒരു പ്രമുഖ മാളിലെ സുരക്ഷാ ജീവനക്കാരാണ് ഇവർ.
ഇന്ന് പുലർച്ചെ 12.30ഓടെ തൃക്കാക്കര ഉണിച്ചിറയ്ക്ക് സമീപം മരോട്ടിച്ചുവടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മദ്യപിച്ച ശേഷം ഇവർ ബഹളംവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശല്യം രൂക്ഷമായതോടെ അപ്പാർട്ട്മെന്റിലെ കെയർടേക്കർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.
പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തോട് പ്രതികൾ തർക്കത്തിലേർപ്പെടുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. സ്ഥിതി നിയന്ത്രണാതീതമായതിനെ തുടർന്ന് കൂടുതൽ പൊലീസ് സേനയെ സ്ഥലത്തേക്ക് വിന്യസിച്ചു.
ഇതിനിടെ സംഭവസ്ഥലത്തെത്തിയ ട്രാഫിക് ഈസ്റ്റ് സിഐ ഉദയകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഘർഷത്തിനിടെ സിഐയുടെ കൈയ്ക്ക് പൊട്ടലേറ്റതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർന്ന് അധിക പൊലീസ് സേനയുടെ സഹായത്തോടെ പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. കളമശേരി മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികൾക്കെതിരെ പൊലീസിനെ ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
















































