കൊച്ചി: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയുടെ മരണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കേസിന്റെ ഗൗരവവും ദുരൂഹ സാഹചര്യങ്ങളും കണക്കിലെടുത്താണ് നടപടി. സാവരിയയുടെ മാതാപിതാക്കളെ വീട്ടിലെത്തി നേരിൽ കണ്ട ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ മന്ത്രി നിർദേശിച്ചത്.
ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടം റിപ്പോർട്ട് സാവരിയയ്ക്ക് അതിക്രൂര മർദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണത്തിന് ബലം നൽകുന്നതാണ്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നെന്നും കാലുമുതൽ തലവരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയ്ക്കേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണമെന്നും റീപോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
സംഭവം ഉസ്ബകിസ്ഥാനിൽ നടന്നതിനാൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് നേരിട്ട് അന്വേഷണം നടത്തുന്നതിൽ നിയമപരമായ പരിമിതികളുണ്ടെങ്കിലും, കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കൂടിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബിഎൻഎസ്എസ് 208-ാം വകുപ്പ് പ്രകാരം വിദേശരാജ്യത്ത് ഇന്ത്യക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താൻ വ്യവസ്ഥയുണ്ട്. ഉസ്ബകിസ്ഥാനിലെ അന്വേഷണ-വിചാരണ നടപടികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ നിയമവ്യവസ്ഥ ഉപയോഗിക്കുന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കും.
സാവരിയയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. സദറുൽ അനാം സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കമുള്ള കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.


















































