തിരുവനന്തപുരം: സർക്കാർ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ബന്ധുവിനെ സന്ദർശിച്ചെന്ന ആരോപണത്തിൽ പരിഹാസവുമായി മുൻമന്ത്രി പി. രാജീവ്. “ഗ്യാലറിയിലിരുന്ന് പറയുന്നതുപോലെയല്ല കളത്തിൽ ഇറങ്ങി കളിക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായിക്കാണും. നിക്ഷേപകരെ ടീമായാണ് കാണുക. പിന്നെ എന്തിനാണ് ഒറ്റയ്ക്ക് പോയി കണ്ടത്?” എന്നായിരുന്നു രാജീവിന്റെ പരിഹാസം.
സർക്കാർ ഹെലികോപ്റ്ററിൽ ബന്ധുവിനെ കാണാൻ പോയെന്ന ആരോപണത്തിൽ സ്വകാര്യ നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയതെന്നായിരുന്നു വി.ഡി. സതീശന്റെ വിശദീകരണം.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബ്രീഫിങ് നടത്താതിരുന്നതിലും പി. രാജീവ് വിമർശനം ഉന്നയിച്ചു. ഉന്നതതല യോഗം ഇന്ന് നടന്നതിനാലാണ് ബ്രീഫിങ് ഇന്നായതെന്നും അല്ലെങ്കിൽ നേരത്തെ നടത്തുമായിരുന്നെന്നും രാജീവ് പറഞ്ഞു.
“തീവ്രമഴ പെയ്യുമെന്ന് അലർട്ടുള്ളപ്പോൾ കൂളായി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മുഖ്യമന്ത്രി, എത്ര വലിയ പ്രശ്നമാണെങ്കിലും ഇങ്ങനെ കൂളായി നിൽക്കണമെന്ന സന്ദേശമാണോ നൽകിയത്? എനിക്ക് ഇല്ലാത്ത ടെൻഷൻ ജനങ്ങൾക്ക് വേണ്ട എന്ന സന്ദേശം നൽകലാകാം വി.ഡി. സതീശന്റെ ലക്ഷ്യം,” എന്നും പി. രാജീവ് പരിഹസിച്ചു.

















































