ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടയാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ശ്രമിച്ചെങ്കിലും ഗായകസംഘം ഗാനം തുടർന്നത് ദേശീയ ഗീതത്തെ അവഹേളിക്കുന്നതിനെതിരെ ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്റെ ഫലമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. ആ പേടി കാരണമാണ് ഖാർഗെയും സോണിയഗാന്ധിയും തടഞ്ഞിട്ടും ആലപിച്ചു കൊണ്ടിരുന്നവർ ഇടയ്ക്കുവച്ച് വന്ദേമാതരം നിർത്താതിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സാംസ്കാരികവും പാരമ്പര്യപരവുമായ മൂല്യങ്ങളോട് ഗാന്ധി കുടുംബവും കോൺഗ്രസും പുലർത്തുന്ന നിലപാട് സ്വാതന്ത്ര്യദിനത്തിലും പ്രകടമായെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിക്കപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന് വിശദീകരിക്കേണ്ട സാഹചര്യമുണ്ടാക്കിയിരിക്കുകയാണ്. ആദ്യ രണ്ട് ചരണങ്ങൾക്കുശേഷവും ഗാനം തുടർന്നതോടെ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടപെട്ടതായി ദൃശ്യങ്ങളിൽ കാണാമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയും നേതാക്കളുടെ ഭാഗത്തേക്ക് നോക്കി പ്രതികരിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.
വന്ദേമാതരം നിർത്താൻ സോണിയ ഗാന്ധി സേവാദൾ നേതാവിനോട് ആവശ്യപ്പെടുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ അപ്പോഴേക്കും ഗാനം അവസാന ഭാഗത്തേക്ക് എത്തിയിരുന്നു. ഗാനം പൂർണമായും ആലപിച്ച ശേഷമാണ് ചടങ്ങ് അവസാനിച്ചത്.
സംഭവത്തിൽ സംഘാടകതലത്തിൽ വീഴ്ച സംഭവിച്ചതാകാമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്നുള്ള സൂചന. പുറത്തുനിന്നെത്തിയ ഗായകസംഘത്തിന് ഗാനം എവിടെവരെ ആലപിക്കണമെന്ന് കൃത്യമായ നിർദേശം നൽകിയിരുന്നില്ലെന്നാണ് വിവരം.
എന്നാൽ വന്ദേമാതരം തടയാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന ആരോപണം പാർട്ടി വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് നിഷേധിച്ചു. ഏറെ നേരമായി നിൽക്കുകയായിരുന്ന മല്ലികാർജുൻ ഖർഗെയ്ക്ക് ഇരിക്കാൻ കസേര കൊണ്ടുവരണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടതാണെന്നും അതിനെയാണ് ചിലർ തെറ്റായി വ്യാഖ്യാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
സംഭവത്തിൽ ബിജെപി രാഷ്ട്രീയ വിമർശനം ശക്തമാക്കിയതോടെ എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനം സ്വാതന്ത്ര്യദിനത്തിലെ പുതിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.





