തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും പിണറായിയുടെ മകൾ ടി. വീണയ്ക്കുമെതിരെയും ഇതേ നിയമപ്രകാരം കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി. നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെയും വിവരങ്ങളുടെയും വിശദാംശങ്ങളും ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
അതേസമയം, ഇ.ഡിയുടെ കത്തിൽ ഡി.ജി.പി. നിയമോപദേശം തേടും. കത്ത് ലഭിച്ചതായി ഡി.ജി.പി. സ്ഥിരീകരിച്ചു. അൽപ്പസമയം മുൻപാണ് കത്ത് ഓഫീസിൽ ലഭിച്ചതെന്നും വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കത്ത് ഡി.ജി.പി. സർക്കാരിന് കൈമാറാനും സാധ്യതയുണ്ട്. ഇ.ഡിയുടെ ശുപാർശയിൽ നിയമപരമായി എങ്ങനെ മുന്നോട്ടുപോകണമെന്നത് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.






