തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. ‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്.
‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’ എന്ന വാചകത്തിലൂടെയാണ് യുഡിഎഫ് സർക്കാരിനെ അദ്ദേഹം പരിഹസിച്ചത്. മൺസൂൺ കാലത്തെ രൂക്ഷമായ ചൂടിനിടെ രാത്രികാലങ്ങളിൽ ആവർത്തിച്ച് അനുഭവപ്പെടുന്ന പവർകട്ടിനെയാണ് ശിവൻകുട്ടിയുടെ വിമർശനം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടിവരുമെന്ന് പറയാനാകില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് വി. ശിവൻകുട്ടിയുടെ പരിഹാസം.
വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ച സണ്ണി ജോസഫ്, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചിട്ടുണ്ടെന്നും നിലവിലെ നിയന്ത്രണം എത്രനാൾ തുടരേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വ്യക്തമാക്കി.
കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നും, കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി പറഞ്ഞു. ഇതിനെ ഭരണപരാജയമായി വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും, ഇടതുസർക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

















































