തിരുവനന്തപുരം ∙ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപിയെ മാത്രമല്ല, സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ഭവനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുൻ സർക്കാരിന്റെ കാലത്തും സമാനമായ സംഭവം ഉണ്ടായപ്പോൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ടും കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിയുമായി ബന്ധപ്പെട്ടുമാണ് ഗവർണർ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയത്.
അതേസമയം, കൊച്ചി ഷിപ്പ്‌യാർഡിന്റെ വികസന പദ്ധതിക്കായി 18.16 ഏക്കർ ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 1.70 കോടി രൂപ ലീസ് വരുമാനം ലഭിക്കുമെന്നും 50,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും ഇനി പെൻഷൻ വിതരണം മുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാർക്കുള്ള ബോണസിനും അഡ്വാൻസിനുമായി ആവശ്യമായ തുക അനുവദിച്ചിട്ടുണ്ടെന്നും ഓണക്കിറ്റ് വിതരണം തടസ്സമില്ലാതെ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരുടെ നെല്ല് സംഭരണ കുടിശ്ശിക തീർപ്പാക്കുന്നതിനായി സപ്ലൈകോയ്ക്ക് 150 കോടി രൂപയും കൺസ്യൂമർഫെഡിന് 25 കോടി രൂപയും അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ലിയോണൽ മെസിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കർശന അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും തുടർനടപടിയിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ നിയമാനുസൃതമായാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോർഡ്-കോർപ്പറേഷൻ വിഭജന വിഷയത്തിൽ ഓണത്തിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






