കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ തനിക്ക് അഭിവാദ്യമർപ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
‘പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്നെഴുതി ബോർഡുകൾ കണ്ണൂരടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അഴീക്കോട്, മട്ടന്നൂർ, തളിപ്പറമ്പ് തുടങ്ങി വിവിധയിടങ്ങളിലാണ് ഈ വാചകമുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മിന്റെ കനത്ത തോൽവിക്കു പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനേയും മാറ്റണമെന്ന് അണികൾക്കിടയിൽ നിന്നുതന്നെ മുറവിളി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരം നീക്കങ്ങൾക്കെതിരേ ജയരാജൻ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
ഫ്‌ളക്‌സ് ബോർഡുകളിലൂടെയുള്ള പ്രചരണം കോൺഗ്രസ് സംസ്‌കാരമാണ്. അതിൽനിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല സിപിഎം. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ടെന്നും അദ്ദേഹം കുറിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. എന്നാൽ, അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യംവെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ടെന്നും പി. ജയരാജൻ പറയുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കണമെന്നും അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിച്ചു.


















































