തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ തുടർച്ചയായ വിലവർധനയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം. ജൂൺ 4 (വ്യാഴാഴ്ച) ജില്ല, ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതെന്നും ഇതോടെ ഏഴര രൂപയുടെ വർധനവ് ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ഇന്ധന നികുതി വർധിപ്പിച്ചതെന്ന് ഗോവിന്ദൻ ആരോപിച്ചു. ഇപ്പോൾ ക്രൂഡ് ഓയിൽ വിലവർധനയെ മറയാക്കി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർധനവിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്യുകയായിരുന്നു സതീശൻ. എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ കേന്ദ്രം വില വർദ്ധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 2018-ൽ ഇത്തരത്തിൽ ഇന്ധനവില കൂടിയപ്പോൾ ലഭിച്ച അധിക വരുമാനം എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചിരുന്നു എന്ന കാര്യവും ജനങ്ങൾ ഓർക്കേണ്ടതുണ്ട്, ഗോവിന്ദൻ പറഞ്ഞു.
ഇന്ധനവില വർധനയ്ക്കൊപ്പം എൽപിജി വിലക്കയറ്റവും സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വില 1,544 രൂപ വർധിച്ചതായും ഇതിന്റെ പ്രത്യാഘാതം ഹോട്ടൽ, റെസ്റ്റോറന്റ്, ടാക്‌സി, ഓട്ടോ, ചരക്ക് ഗതാഗത മേഖലകളിൽ പ്രകടമാണെന്നും ഗോവിന്ദൻ പറഞ്ഞു.
ഗാർഹിക സിലിണ്ടറുകളുടെ വിലയും മാർച്ചിൽ 60 രൂപ വർധിപ്പിച്ചെന്നും സിലിണ്ടർ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. റേഷൻ വിതരണ രംഗത്തും ഗുരുതര പ്രതിസന്ധിയാണുള്ളതെന്നും നീല കാർഡ് ഉടമകൾക്കുള്ള അധിക അരി വിതരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കിയതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുടെ ഫലമായി കേരളത്തിൽ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും എം.വി. ഗോവിന്ദൻ ആഹ്വാനം ചെയ്തു.
















































