തിരുവനന്തപുരം: സിപിഎം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്താൻ തീരുമാനമായി. സംസ്ഥാന സമിതിയുടെ ആവശ്യമനുസരിച്ച് മൂന്നിടങ്ങളിലാണ് തിരുത്ത് വരുത്തുക. അതിൽ പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ വീഴ്ച ഏറ്റു പറഞ്ഞുകൊണ്ടാണ് ഒന്നാമത്തെ തിരുത്തൽ. രണ്ടാമത്തെ തിരുത്ത് വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നു എന്നതായിരുന്നു. അതുപോലെ സ്വർണക്കൊള്ളക്കേസിൽ എ പദ്മകുമാറിനെതിരെ നടപടി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപടി ചർച്ച ചെയ്യാൻ ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തി.
അതേസമയം തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സംസ്ഥാന സമിതിയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. മണ്ഡലം കമ്മിറ്റിയിലെ 73 പേരിൽ 70 പേരും പി കെ ശ്യാമളയ്ക്ക് എതിരായിരുന്നു. എന്നിട്ടും സ്ഥാനാർത്ഥിയായത് ഞെട്ടിച്ചെന്നാണ് കാസർകോടുനിന്നുള്ള അംഗം ചൂണ്ടിക്കാട്ടിയത്. പിന്നാലെയാണ് റിപ്പോർട്ടിൽ സ്ഥാനാർഥിത്വത്തിലെ പിഴവ് കൂടി ഉൾപ്പെടുത്തിയത്.
അതോടൊപ്പം എ പദ്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങുകയാണ് സിപിഎം. നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പദ്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദ്ദേശം. നേരത്തെ സ്വർണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാൽ നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. ഇതേത്തുടർന്നാണ് നേതൃത്വം തിരുത്തലിന് തയ്യാറായത്. ഇതിനിടെ സിപിഎം സംസ്ഥാനനേതൃത്വം മാറണമെന്ന് തിരുവനന്തപുരം ജില്ലാകമ്മിറ്റി ആവശ്യം ഉന്നയിച്ചു. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ കമ്മിറ്റിയിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. പാർട്ടി നേതൃത്വത്തിൻ്റെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞാണ് നേതാക്കൾ വിമർശനമുയർത്തിയത്. എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു






