പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന് തിരിച്ചടി. പ്രതിയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി തള്ളി. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിയായ ഒരാൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് 27-നാണ് യുവതി പ്രശോഭിനെതിരെ പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
പ്രശസ്ത കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയതായും യുവതി ആരോപിച്ചിരുന്നു. സംഭവം രാഷ്ട്രീയ വിവാദമായതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രതിക്കെതിരായ ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചതെന്നാണ് കോടതി വ്യക്തമാക്കിയത്.


















































