ഒഡീഷ: കെഞ്ചാർ ജില്ലയിൽ കാണാതായ 21 കാരിയായ യുവതിയുടെ മൃതദേഹം 26 ദിവസത്തിന് ശേഷം പൊലീസ് കണ്ടെത്തി. യുവതിയുടെ കാമുകനായ സഹജ അൽദ (26) യാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചു. ശേഷം ഇയാൾ നൽകിയ വിവരമനുസരിച്ച് വനപ്രദേശത്തെ കുഴിയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മെയ് 11-നാണ് യുവതി വീട്ടിൽ നിന്ന് പുറത്തുപോയത്. കൂടെ മൊബൈൽ ഫോൺ കരുതിയിരുന്നില്ല.
തുടർന്ന് യുവതിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് അവസാനമായി വന്ന കോൾ സഹജ അൽദയുടേതാണെന്ന് കണ്ടെത്തി. എന്നാൽ ആദ്യം ഇയാൾ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
യുവതിയുടെ കുടുംബം പൊലീസ് സൂപ്രണ്ടിനെ സമീപിച്ച് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ കർശനമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതി പറഞ്ഞതനുസരിച്ച് പൊലീസ് വനത്തിനുള്ളിലെ ഒരു കുഴിയിൽ പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. യുവതിയെ വീടിനടുത്തുള്ള ഫുട്ബോൾ മൈതാനത്തിന് സമീപം വെച്ച് കഴുത്തിൽ ആവർത്തിച്ച് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്.


















































