കോഴിക്കോട്: കൈയിൽ ചോരയൊലിപ്പിച്ച് റോഡിൽ നിന്ന് ബഹളം വയ്ക്കുകയായിരുന്ന യുവാവിനെ വൈദ്യസഹായത്തിനായി ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെ ചവിട്ടിവീഴ്ത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്താണ്(31) അറസ്റ്റിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാൾ ബഹളം വെക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ഷിബുവിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ സുജിത്ത് കൈയിൽ ചോരയൊലിപ്പിച്ച നിലയിൽ റോഡിൽ നിന്ന് ബഹളം വെക്കുന്നതാണ് കണ്ടത്.
ഇതോടെ പരുക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ സുജിത്ത് പ്രകോപിതനാവുകയും എസ്ഐ ഷിബുവിനെ ശക്തമായി ചവിട്ടുകയുമായിരുന്നു. അപ്രതീക്ഷിതമായ ചവിട്ടിൽ റോഡിലേക്ക് വീണ എസ്ഐക്ക് കൈമുട്ടിനും വയറിനും കഴുത്തിനും പരുക്കേറ്റു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി ആംബുലൻസിൽ കയറ്റുകയായിരുന്നു. പരുക്കേറ്റ എസ്ഐയേയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സുജിത്തിനെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.






