കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രക്ഷോഭം അരങ്ങേറിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ്. രാജ്യത്തെ യുവാക്കൾ വിദേശ കരങ്ങളിലെ കളിപ്പാവകളാവരുതെന്ന് ബി.ജെ.പി പ്രസിഡന്‍റ് നിതിൻ നബിന്‍ പറഞ്ഞു. പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണയ ക്രമക്കേട് എന്നീ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ സമരം ഭരണകൂടത്തെ വലിയ രീതിയിൽ പിടിച്ചുലച്ചിട്ടുണ്ടെന്നതിന്‍റെ തെളിവാണ് നിതിൻ നബിന്‍റെ പ്രതികരണം വ്യക്തമാക്കുന്നത്.
യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും നിതിൻ നബിൻ വിമർശിച്ചു. റാഞ്ചിയിൽ ഒരു സംവാദ പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ നബിൻ സി.ജെ.പിയുടെ നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുവാക്കൾ രാഷ്ട്ര നിർമ്മാണത്തിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

















































