തൃശൂർ: ഭാര്യയെ മർദിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ബിജെപി തൃശൂർ സൗത്ത് ജില്ലാ അധ്യക്ഷൻ എ.ആർ. ശ്രീകുമാർ സ്ഥാനമൊഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറിയതായി വിവരം. തന്റെ രക്തത്തിനായി പലരും ദാഹിക്കുന്നുവെന്നാണ് രാജിക്കത്തിൽ ശ്രീകുമാർ ആരോപിക്കുന്നത്.
ഭാര്യ പ്രിയങ്ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മതിലകം പൊലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു. നേരത്തെയും പലതവണ മർദനത്തിന് ഇരയായിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്.
പരാതി നൽകിയതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ അപവാദ പ്രചാരണം നടക്കുന്നതായും പ്രിയങ്ക ആരോപിച്ചു. വീട്ടിലേക്ക് വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ശ്രീകുമാർ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
ഇതിനിടെ, ശ്രീകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗിരീഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

















































