ഭോപ്പാൽ : വൃഷണം വിറ്റാൽ കോടിക്കണക്കിന് രൂപ ലഭിക്കുമെന്ന തെറ്റിദ്ധാരണയിൽ 17കാരനെ അഞ്ചംഗ സംഘം കൊലപ്പെടുത്തിയതായി പൊലീസ്. ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം. തെരുവിൽ പേനയും കീചെയിനും വിറ്റ് കുടുംബത്തെ സഹായിച്ചിരുന്ന കൗമാരക്കാരനെയാണ് പ്രതികൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
സംഭവത്തിൽ ബി.ബി.എ രണ്ടാംവർഷ വിദ്യാർഥിയായ സോഹിബ് ഖാൻ (20), ആമിർ ഖുറേഷി (18), പ്രായപൂർത്തിയാകാത്ത മൂന്ന് പേർ എന്നിവരെ പൊലീസ് പിടികൂടി.
15–16 വയസ്സുള്ള ആൺകുട്ടിയുടെ വൃഷണം വിറ്റാൽ 1.20 കോടി രൂപ ലഭിക്കുമെന്ന തരത്തിലുള്ള ഇൻസ്റ്റഗ്രാം റീൽ സോഹിബ് കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വിശ്വസിച്ച സോഹിബ് മറ്റ് നാലുപേരെയും വീഡിയോ കാണിച്ച് പദ്ധതിയിലേക്ക് കൂട്ടുകയായിരുന്നു. താൻ ഡോക്ടറാണെന്ന് സോഹിബ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ വൃഷണം ഇത്തരത്തിൽ വിൽക്കുന്നതിനോ വാങ്ങുന്നതിനോ മെഡിക്കൽ മേഖലയിലോ അവയവക്കച്ചവട രംഗത്തോ ആവശ്യക്കാരില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വളരെ ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട കൗമാരക്കാരൻ. നേരത്തെ പിതാവ് മരിച്ചിരുന്നു. മാതാവ് ശുചീകരണത്തൊഴിലാളിയാണ്. ഇഖ്ബാൽ മൈതാനത്തിനും മോത്തി മസ്ജിദിനുമിടയിൽ പേനയും കീചെയിനും വിറ്റാണ് കുട്ടി കുടുംബത്തിന്റെ ഉപജീവനത്തിൽ സഹായിച്ചിരുന്നത്.
ഓഗസ്റ്റ് ആറിന് പതിവുപോലെ ഇഖ്ബാൽ മൈതാനത്ത് കച്ചവടം നടത്തുന്നതിനിടെയാണ് പരിചയമുള്ള ചില കുട്ടികൾ റിഹാനെ സമീപിച്ചത്. അടിപിടിക്കേസ് ഒത്തുതീർപ്പാക്കാൻ സഹായിച്ചാൽ 100 രൂപ നൽകാമെന്ന് പറഞ്ഞാണ് ഇയാളെ കൂട്ടിക്കൊണ്ടുപോയത്.
15–16 വയസ്സുള്ള ആൺകുട്ടിയെ വേണമെന്നായിരുന്നു സോഹിബിന്റെ നിർദേശം. ഇതനുസരിച്ചാണ് റിഹാനെ സംഘം തിരഞ്ഞെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച ശേഷം പിന്നിൽനിന്ന് ആക്രമിച്ച് കീഴ്പ്പെടുത്തി. തുടർന്ന് കത്തിയും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സോഹിബ് ഫോണിലൂടെ നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് മറ്റുള്ളവർ കൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നാലെ വൃഷണം നീക്കം ചെയ്ത് പോളിത്തീൻ കവറിലാക്കി സൂക്ഷിച്ച സംഘം ഇത് വിൽക്കാൻ ആളെ തേടി. 1.20 കോടി രൂപയ്ക്ക് വാങ്ങാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളോളം ഇത് കൈവശംവെച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഒടുവിൽ തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതോടെ ഇത് വെള്ളത്തിൽ ഉപേക്ഷിച്ചു.
സംഘം കണ്ട ഇൻസ്റ്റഗ്രാം റീലിന്റെ ഉറവിടവും ഇതിനു പിന്നിലുള്ളവരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് പത്തിനാണ് അഴുകിയ നിലയിൽ റിഹാന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ചിത്രം പുറത്തുവിട്ട് അന്വേഷണം നടത്തിയെങ്കിലും ആരും മൃതദേഹം തിരിച്ചറിയാനെത്തിയില്ല. തുടർന്ന് മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയായിരുന്നു.
അഞ്ച് ദിവസത്തിന് ശേഷം, ഓഗസ്റ്റ് 15ന് മകനെ കാണാനില്ലെന്ന് പരാതിയുമായി അമ്മ പൊലീസിനെ സമീപിച്ചു. പൊലീസ് കാണിച്ച ചിത്രം പരിശോധിച്ച അമ്മ കൈയിലെ ടാറ്റൂ കണ്ടാണ് മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടിയെ അവസാനമായി കണ്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.






