കൽപറ്റ: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കെ.വി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരുക്കേറ്റ സലാമിന് മൂന്ന് ലക്ഷം രൂപയും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പി.കെ. ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകണം.
2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ കെ.വി. വിനോദ് കൊല്ലപ്പെട്ടത്. സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ ഭൂസമരം കേരളത്തിലെ ശ്രദ്ധേയമായ ആദിവാസി സമരങ്ങളിലൊന്നായിരുന്നു.
ആദിവാസികൾക്ക് ഭൂമി നൽകാമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ സമരം ആരംഭിച്ചത്. സി.കെ. ജാനുവിനും എം. ഗീതാനന്ദനും നേതൃത്വം നൽകിയ സമരത്തിൽ നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ പങ്കെടുത്തു. സമരത്തിന്റെ ഭാഗമായി തകരപ്പാടിയിൽ ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നു.
ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് 2003 ഫെബ്രുവരി 19ന് പൊലീസ് നടപടി ആരംഭിച്ചു. ഇതിനിടെ വെടിവെപ്പുണ്ടാകുകയും ആദിവാസി യുവാവ് ജോഗി കൊല്ലപ്പെടുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനായ കെ.വി. വിനോദിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പി.കെ. ശശിധരനെയും സമരക്കാർ ബന്ദികളാക്കിയിരുന്നു. ഗുരുതരമായി പരുക്കേറ്റ വിനോദ് രക്തം വാർന്നാണ് മരിച്ചത്. ശശിധരനും ഗുരുതരമായി പരുക്കേറ്റു.
സംഭവത്തിന് പിന്നാലെ മാവോയിസ്റ്റ് ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. കേസിൽ ആകെ 57 പേരെയാണ് പ്രതികളാക്കിയത്. 132 ആദിവാസികളെ അറസ്റ്റ് ചെയ്തതായും ഇവരിൽ 37 കുട്ടികളുണ്ടായിരുന്നുവെന്നും മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് പരാതികൾ ഉയർന്നിരുന്നു.
കേസിന്റെ വിചാരണ നീണ്ട 23 വർഷത്തിനിടെ 13 പ്രതികൾ മരിച്ചു. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.


















































