കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രം ലക്ഷ്യമിട്ട് മാറ്റങ്ങളുമായി സിപിഎം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം ന്യൂനപക്ഷത്തെ ചേർത്ത് നിർത്തണമെന്നാണ് പാർട്ടി തീരുമാനം.
അതായത് മുസ്‌ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പിൽ ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. തുടർന്നാണ് അവരെ ചേർത്തു നിർത്തുന്ന സമീപനം സ്വീകരിക്കണമെന്ന നിലപാട് പാർട്ടിയെടുത്തത്. ഇതിന്റെ ഭാഗമായാണ് മുതിർന്ന നേതാവ് എകെ ബാലൻ നടത്തിയ പ്രസ്താവന ഒന്നടങ്കം പാർട്ടി തള്ളിയതെന്നും സൂചന.
രണ്ടാമതും അധികാരത്തിലെത്തിയ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ട് എൽഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അതേ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനാണ് ലഭിച്ചത്. അതേ സമയം ആലപ്പുഴ, ലോക്‌സഭാ മണ്ഡലങ്ങളിലാവട്ടെ ഇടതിന് പരമ്പരാഗതമായി പിന്തുണച്ചിരുന്ന വോട്ടർമാരിൽ ഒരു വിഭാഗം ബിജെപിക്കു വോട്ട് ചെയ്‌തെന്ന വിലയിരുത്തലും ഉണ്ടായി. ഇതിനെ തുടർന്ന് സിപിഎം നയനിലപാടുകളിൽ മാറ്റം വരുത്തിയെന്ന വിലയിരുത്തൽ രാഷ്ട്രീയ നിരീക്ഷകർ നടത്തിയിരുന്നു. ആ നിലപാടിൽ നിന്ന് മാറുന്നുവെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്.






