ലക്നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗസ്സിയാബാദിലെ ഇന്ദിരാപുരം അഭയ് ഖണ്ഡിൽ ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. ഖോദ, ഇന്ദിരാപുരം പൊലീസിന്റെ സംയുക്ത നീക്കത്തിനിടെ പ്രതി പൊലീസിനു നേരെ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. 11-ാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യ ചൗഹാനെ (17) മെയ് 28 നാണ് അസദ് ക്രൂരമായി കൊലപ്പെടുത്തിയത്. ഈദ് ആഘോഷിക്കാം എന്ന് പറഞ്ഞാണ് സൂര്യയെ കൂട്ടിക്കൊണ്ടു പോയത്.
പിന്നീട് കണ്ടത് സൂര്യയുടെ മൃതദേഹമായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ അസദ് അടക്കം അഞ്ച് പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അസദിനായി പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റിൽ നിലയുറപ്പിച്ച പൊലീസ് സംഘത്തിന് നേരെ മോട്ടർ സൈക്കിളിൽ എത്തിയ അസദും കൂട്ടാളികളും വെടിവെക്കുകയായിരുന്നു.
ഈദ് ആഘോഷിക്കാം എന്ന് പറഞ്ഞാണ് സഹോദരനെ അസദും സംഘവും വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയതെന്ന് സൂര്യ യാദവിന്റെ സഹോദരി പറഞ്ഞു. അവർ നിർബന്ധിച്ചാണ് വിളിച്ചു കൊണ്ടുപോയത്. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സഹോദരി പറയുന്നു.വയറ്റിലേറ്റ കുത്താണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുത്തേറ്റ സൂര്യ 200 മീറ്ററോളം ഓടിയെങ്കിലും അസദ് പിന്തുടർന്ന് വീണ്ടും കുത്തി വീഴ്‌ത്തുകയായിരുന്നു.

















































