യുഡിഎഫ് സർക്കാരിൻറെ സ്കൂൾ വിദ്യാർത്ഥിനികൾക്കുള്ള ആർത്തവ അവധിയ്ക്കെതിരെ സംസാരിച്ച ആർ ശ്രീലേഖയ്ക്ക് എതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. വിഡി സതീശൻ മുഖ്യമന്ത്രിയായുള്ള യുഡിഎഫ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലേറിയതിനു പിന്നാലെ വന്ന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ വേളയിലുള്ള മൂന്ന് ദിവസത്തെ അവധി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം ദിനംപ്രതി നടത്തുന്നുണ്ട്. അതേസമയം ആർത്തവ അവധിയുമായി ബന്ധപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ നടത്തിയ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അവധി നൽകിയാൽ നാട്ടുകാർ അറിയുമെന്ന തരത്തിലുമായിരുന്നു ശ്രീലേഖ സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ. മാസാമാസം ക്ലാസിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. അത് നാണക്കേടല്ലേയെന്നും ശ്രീലേഖ ചോദിച്ചിരുന്നു. ഈ പ്രസ്ഥാവനയ്ക്ക് എതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിത ശ്രീലേഖയെ പരിഹസിച്ച് അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരിക്കുകയാണ്.
ശ്രീലേഖയുടെ പരാമർശത്തിന്റെ വാർത്ത തമ്പ് പങ്കുവച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. “ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ”, എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. “ഇപ്പോഴത്തെ കാലത്ത് ആർക്കാണ് ഇത് അറിയാൻ വയ്യത്തെ. ആൺകുട്ടികൾ പാഡ് വാങ്ങി കെടുക്കുന്ന കാലമായി മാഡം. പണ്ടത്തെ മുടിപ്പെത്തിവെക്കുന്ന കാലം കഴിഞ്ഞു മാഡം. ആർത്തവമാണ്. അവിഹിതം അല്ല. ചേച്ചി..പാവം വിട്ടുകള പെട്ടന്ന് കേട്ടപ്പോൾ ചിന്തിച്ചതാകും”, എന്നായിരുന്നു ഒരാളുടെ കമന്റ്.


















































