കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് നടപടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് തടയുന്നതിനാണ് കരുതൽ തടങ്കൽ ഏർപ്പെടുത്തുന്നതെന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.
കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് (കാപ്പ) നടപടി. കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് തീരുമാനം.
ഉത്തരവ് ഉടൻ നടപ്പാക്കാനും അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.






