കോഴിക്കോട്: ഇന്ത്യയുടെ വിഭജനത്തിനു ശേഷം ദേശീയ ഗീതമായ വന്ദേ മാതരം പാടാൻ പറ്റില്ലെന്ന് പറഞ്ഞവരെല്ലാം പാകിസ്താനിൽ പോയെന്ന് ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. ഞങ്ങൾ ഉൾപ്പെടെയുള്ള മുസ്‍ലിംകൾ ദേശീയ മുസ്‍ലിംകൾ ആണെന്നും ഞങ്ങൾ ഈ ഗാനം പൂർണമായും പാടുമെന്നും പാടിക്കൊണ്ട് ഈ പെറ്റുവീണ മണ്ണിൽ മരിച്ചുവീഴുമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വന്ദേ മാതരം സദസ്സിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഇവിടെ പ്രചരിപ്പിക്കുന്നത് വന്ദേ മാതരം മുസ്‍ലിംകളുടെ വിശ്വാസത്തിന് എതിരാണെന്നാണ്. എന്നാൽ, കോൺഗ്രസിലെ ഏറ്റവും വലിയ നേതാക്കളിലൊരാളായിരുന്ന, വിശുദ്ധ ഖുർആൻ മനഃപാഠമായിരുന്ന അബുൽ കലാം ആസാദ് ഈ ഗാനത്തിന്റെ ആരാധകനായിരുന്നു. അങ്ങനെ ദേശസ്നേഹികളായ മുസ്‍ലിംകൾ ഈ ഗാനത്തെ അംഗീകരിച്ചു. ഈ ഗാനത്തെ അംഗീകരിക്കാത്തത് മുഹമ്മദലി ജിന്നയായിരുന്നു. വന്ദേമാതരത്തെ പിളർത്തുന്ന സമീപനം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയെ വിഭജിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വന്ദേ മാതരം ഗാനത്തിലെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതിയുടെ തീരുമാനം അത്യന്തം ആശ്ചര്യകരവും രാജ്യവിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എല്ലാ സർക്കാർ പരിപാടികളിലും വന്ദേ മാതരം പൂർണമായി ആലപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ തീരുമാനത്തിന് നിയമപരമായ അംഗീകാരവും നൽകി. എന്നാൽ, ഇതിനെ അവഗണിക്കാനുള്ള തീരുമാനമാണ് കോൺഗ്രസ് ഇന്നലെ എടുത്തത്. കോൺഗ്രസിന്റെ ഈ തീരുമാനം അവരുടെ കടുത്ത പ്രീണന രാഷ്ട്രീയത്തിന്റെ വ്യക്തമായ തെളിവാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.






