ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന അപൂർവ നേട്ടം ഇനി അർജന്റീന നായകൻ ലയണൽ മെസിയുടെ പേരിൽ. ജോർദാനെതിരായ ഗ്രൂപ്പ് പോരാട്ടത്തിൽ ഫ്രീകിക്കിലൂടെ വലകുലുക്കിയതോടെ തുടർച്ചയായ ഏഴാം ലോകകപ്പ് മത്സരത്തിലും മെസി ഗോൾ നേടി ചരിത്രമെഴുതി.
മെസിയുടെ റെക്കോർഡ് ഗോളിന്റെ കരുത്തിൽ ജോർദാനെ 3-1ന് കീഴടക്കിയ അർജന്റീന, ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്.
മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണങ്ങളിലും അർജന്റീന വ്യക്തമായ ആധിപത്യം പുലർത്തി. 19-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ജിയോവാനി ലോസെൽസോ മനോഹരമായി വലയിലെത്തിച്ചതോടെ അർജന്റീന ലീഡെടുത്തു. 31-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ നിക്കോളാസ് സെനെസിക്കെതിരായ ഫൗളിന് ലഭിച്ച പെനാൽറ്റി ലൗട്ടാരോ മാർട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ് ഇരട്ടിയായി.
രണ്ടാം പകുതിയിൽ ജോർദാൻ തിരിച്ചടിച്ചു. ഇഹ്‌സാൻ ഹദ്ദാദിന്റെ ക്രോസിൽ നിന്ന് മുസ അൽ തമാരി ഹെഡറിലൂടെ ഗോൾ നേടി സ്കോർ 2-1 ആക്കി. എന്നാൽ 60-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മെസി മത്സരത്തിന്റെ അവസാനഘട്ടത്തിൽ തന്റെ പതിവ് മികവ് പുറത്തെടുത്തു. 80-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായി വലയിലെത്തിച്ച താരം ലോകകപ്പ് ചരിത്രത്തിലെ പുതിയ റെക്കോർഡും സ്വന്തം പേരിലാക്കി.
ഈ വിജയത്തോടെ ഗ്രൂപ്പിൽ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അർജന്റീന, ജൂലൈ 4-ന് നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ലോകകപ്പിൽ ആദ്യമായി കളിക്കുന്ന കേപ് വെർദെയെ നേരിടും.
അതേസമയം ഗ്രൂപ്പ് ജെയിലെ മറ്റൊരു ആവേശകരമായ മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും 3-3ന് സമനിലയിൽ പിരിഞ്ഞു. അൾജീരിയക്കായി റിയാദ് മഹ്രസ് ഇരട്ടഗോൾ നേടിയപ്പോൾ റാഫിക്ക് ബെൽഗാലിയും വലകുലുക്കി. ഓസ്ട്രിയയുടെ ഗോളുകൾ മാർക്കോ അർണൗട്ടോവിച്ച്, മാർസൽ സാബിറ്റ്സർ, സാസ കാലാജ്‌സിച്ച് എന്നിവർ നേടി.
















































