പത്തനംതിട്ട: ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മൂഴിയാർ സ്വദേശി വിനോദ് കുമാർ പിന്തുടർന്ന് പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത മകളെ ബസ്റ്റോപ്പിൽ നിർത്തിയശേഷമെന്ന് പോലീസ്. വനവിഭവങ്ങൾ ശേഖരിച്ച് വിൽപ്പനയ്ക്ക് എത്തിക്കുന്നയാളാണ് വിനോദ് കുമാർ. ഇതിനായി മീനാറിലെത്തിയ വിനോദ് കുമാർ യുവതി അങ്കണവാടിയിലേക്ക് പോകുന്ന സമയത്ത് സമീപത്തെ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ഈ സമയം വിനോദിനൊപ്പം പ്രായപൂർത്തിയാകാത്ത മകളും ഉണ്ടായിരുന്നു. മകളെ ബസ് സ്റ്റോപ്പിൽ നിർത്തിയ ശേഷം വിനോദ് യുവതിയെ പിന്തുടർന്നു.
നാലു കിലോമീറ്ററോളം നടന്നാണ് യുവതി അങ്കണവാടിയിൽ എന്നും ജോലിക്കെത്തുന്നത്. ഇതുമനസിലാക്കി പിന്തുടർന്ന ശേഷം വിനോദ് വഴിയിൽ വച്ച് യുവതിയെ ആക്രമിച്ചു. യുവതി പ്രതിരോധിച്ചതോടെ വലിച്ചിഴച്ച് റോഡിൽ നിന്നു താഴേക്ക് കൊണ്ടുപോയി തോട്ടിന്റെ കരയിൽ വച്ച് ഉപദ്രവിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഉപദ്രവിക്കുന്നതിനിടയിൽ യുവതി മരിച്ചു എന്ന് മനസിലായതോടെ പ്രതി തിരികെ റോഡിലേക്ക് വന്ന് ബസിൽ കയറി വണ്ടിപ്പെരിയാറിലേക്ക് പോയി. അതേസമയം യുവതി അങ്കണവാടിയിൽ ജോലിക്ക് എത്താത്തതിനെ തുടർന്നാണ് നാട്ടുകാർ തെരച്ചിൽ നടത്തിയത്. തുടർന്ന് തോട്ടിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരമാകെ മുറിവും വസ്ത്രങ്ങൾ കീറിയ നിലയിലുമായിരുന്നു മൃതദേഹം. അന്വേഷണത്തിനൊടുവിൽ ഇടുക്കി വണ്ടിപെരിയാറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുൻപ് സമാനമായ കേസിൽ ജയിലിൽ കഴിഞ്ഞയാളാണ് പ്രതിയെന്നും പോലീസ് പറയുന്നു.















































