കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി സാമ്പത്തിക തിരിമറി ആരോപണം. പാർട്ടി നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്.
2015ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി കോളേജ് സ്ഥാപിക്കാമെന്ന വാഗ്ദാനം നൽകി പതിനായിരത്തിലധികം പേരിൽനിന്നാണ് പണം പിരിച്ചെടുത്തത്. 1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓഹരികളായാണ് തുക സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിക്കുകയോ പിരിച്ചെടുത്ത പണത്തിന്റെ കണക്കുകൾ സംബന്ധിച്ച വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് നിക്ഷേപകരുടെ പരാതി. എത്രയും വേഗം കോളേജ് ആരംഭിക്കുകയോ നിക്ഷേപിച്ച തുക തിരികെ നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ നേരത്തെ തന്നെപ്പെടുത്തിയിരുന്നതായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജോസഫ് തോമസ് പറഞ്ഞു. പണം പിരിക്കുന്നതിൽ കാണിച്ച ആവേശം കോളേജ് സ്ഥാപിക്കുന്ന കാര്യത്തിൽ ഭാരവാഹികൾ കാണിച്ചില്ലെന്നും നിക്ഷേപകരുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ വ്യക്തമാക്കി. കോളേജ് നിർമാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.






