മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. ‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ. തികഞ്ഞ വെറുപ്പാണിത്’, എന്നാണ് ‘വിഷു പരസ്യ’ത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.
ഒരു മെസേജിനും ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. ‘ഇത് ഇത്ര വലിയ പ്രശ്നം ആക്കുന്ന കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒക്കെ പ്രതികരിക്കാന്‍ തോന്നിയത്’, എന്നായിരുന്നു മെസേജ്. ഇതിന്, “മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവർത്തികൾ സാധാരണമായി കാണപ്പെടുകയാണ്. ഞാൻ നിങ്ങളുടെ സ്ഥിരം സിനിമക്കാരനല്ല, എൻ്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകൾ ശരിയായ കാര്യവുമല്ല. എല്ലാ മതവികാരങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് നിങ്ങൾ എൻ്റേതും ബഹുമാനിക്കണമെന്ന്, എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടുമായി അഭ്യർത്ഥിക്കുകയാണ്. എല്ലാ മര്യാദകളിലും മതേതരത്വം പുലർത്തുക. എനിക്കിത് വെറുതെ ഒരു വിഷു പോസ്റ്റർ ആയിട്ട് തോന്നുന്നില്ല”, എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്.
പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത അര്‍ഷാദിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.












































