മുംബൈ: 67കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയിൽനിന്ന് 1.5 കിലോഗ്രാം സ്വർണവും 33.35 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ആസിഫ്, നിയാസ് മുഹമ്മദ് എന്നിവർക്കെതിരെയാണ് വ്യാപാരി മുംബൈ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ മുംബൈ സഹർ പോലീസ് അന്വേഷണം ആരംഭിച്ചു.
മുഹമ്മദ് ആസിഫിന്റെ നിർദേശപ്രകാരമാണ് ദുബായിൽനിന്ന് സ്വർണക്കട്ടികൾ വാങ്ങിയതെന്ന് വ്യാപാരി പോലീസിന് മൊഴി നൽകി. തുടർന്ന് ആസിഫും സുഹൃത്ത് നിയാസ് മുഹമ്മദും വ്യാപാരിക്കൊപ്പം മുംബൈയിലെത്തി.
മുംബൈ വിമാനത്താവളത്തിൽവെച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. സഹായിക്കാനെന്ന വ്യാജേന നിയാസ് വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന സ്വർണവും പണവും അടങ്ങിയ ബാഗ് കൈക്കലാക്കിയെന്നാണ് ആരോപണം.
കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനിടെ നിയാസ് ബാഗുമായി ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ കടന്നുകളഞ്ഞതായും വ്യാപാരി പരാതിയിൽ പറയുന്നു. ബാഗിൽ 1.5 കിലോഗ്രാം സ്വർണവും 33.35 ലക്ഷം രൂപയുമുണ്ടായിരുന്നതായാണ് മൊഴി.
സംഭവത്തിൽ മുംബൈ സഹർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണം വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളും പ്രതികൾ വ്യാപാരിയുമായി നടത്തിയ ബന്ധവും ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.






