ന്യൂഡൽഹി: ഡൽഹിയിലെ കശ്മീരി ഗേറ്റ് പ്രദേശത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുള്ളിൽവച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പെൺകുട്ടിയുമായി ഏകദേശം 47 കിലോമീറ്റർ ബസ് സഞ്ചരിച്ചു. പീഡനം ചെറുത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപിനെയും കണ്ടക്ടർ സന്ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് നാലിനാണു സംഭവം. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കളുമായി വഴക്കിട്ടു വീടുവിട്ടിറങ്ങിയ വിദ്യാർഥിനി നോയിഡയിലുള്ള ബന്ധുവീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ബസിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടി കനത്ത മഴയും ഇരുട്ടും കാരണം അബദ്ധത്തിൽ പരീചൗക്കിൽ ഇറങ്ങി.
അപ്പോൾ ഒരു ഒഴിഞ്ഞ സ്ലീപ്പർ ബസ് അതുവഴി കടന്നുപോയി. കനത്ത മഴയത്ത് റോഡിൽ ഒറ്റപ്പെട്ടതോടെ അതുവഴി പോയ സ്ലീപ്പർ ബസ്സിന് കൈകാണിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു. നോയിഡ സെക്ടർ-63 ലേക്കാണ് ബസ് പോകുന്നതെന്ന് പറഞ്ഞ് ജീവനക്കാർ അവളെ ബസ്സിൽ കയറ്റി. പിന്നാലെ ബസ്സിൽ വച്ച് വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം ചെറുത്തപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി വൈകി കശ്മീരി ഗേറ്റ് ബസ് ടെർമിനലിനു സമീപം റിങ് റോഡിൽ പ്രതികൾ വിദ്യാർഥിനിയെ ഇറക്കിവിട്ടു. വിദ്യാർഥിനിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു.






